ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അടിത്തറ ശക്തിപ്പെടുത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും അസമില്‍ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ഷില്ലോങ്ങിലെത്തിയത്. 

അസമില്‍ ബിജെപി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയത് അസം ജനത തീവ്രവാദത്തെ നിരസിച്ചതുകൊണ്ടും വികസനത്തിലേക്ക് നീങ്ങുന്നതിനാലുമാണ്. ജനങ്ങള്‍ വികസന പാത തിരഞ്ഞെടുത്തതിനാലാണ് ഹിമന്ത ബിശ്വ ശര്‍മ്മ പുതിയ മുഖ്യമന്ത്രിയായത്. അസമില്‍ ബിജെപിക്കുണ്ടായ നേട്ടത്തില്‍ സര്‍ബാനന്ദ സോനോവാളിനെയും ഹിമന്ത ബിശ്വ ശര്‍മയേയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു. 

സ്വാതന്ത്യം ലഭിച്ചതിന് ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അഞ്ച് കേന്ദ്രമന്ത്രിമാരുണ്ടായിട്ടില്ല. ആദ്യമായി മോദി മന്ത്രിസഭയിലാണ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് അഞ്ച് പേരെ തിരഞ്ഞെടുത്തത്. ബിജെപിയും മോദിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എത്രത്തോളം മുന്‍ഗണന നല്‍കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. വികസനത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഭാവന വര്‍ധിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

content highlights: BJP strengthening its base in Northeast, says Amit Shah; heaps praises on Sonowal and Himanta