ലക്‌നൗ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദൈവങ്ങളെ മുറുകെ പിടിച്ച് പാര്‍ട്ടികള്‍. രാമനില്‍ തന്നെ ബിജെപി ഉറച്ചുനില്‍ക്കുമ്പോള്‍ സമാജ് വാദി പാര്‍ട്ടി വിഷ്ണുവിലാണ് പ്രതീക്ഷ വെക്കുന്നത്. കോണ്‍ഗ്രസാണെങ്കില്‍ ശിവഭക്തിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. മാനസസരോവര്‍ യാത്ര കഴിഞ്ഞ് സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയ രാഹുലിനെ ശിവശക്തരായ കന്‍വാരിയകളായി വേഷമണിഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത്. ഫുര്‍സട്ട്ഗഞ്ചില്‍ ശിവഭക്തര്‍ ശിവന്റെ ഛായാചിത്രവും രാഹുലിന് സമ്മാനിച്ചു.
അയോധ്യയില്‍ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കണം എന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി ബിജെപി യുപി ഘടകം അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ പറഞ്ഞു. അഭിപ്രായസമന്വയത്തോടെ ക്ഷേത്ര നിര്‍മ്മാണത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാവിഷ്ണുവിന്റെ പേരില്‍ മഹാനഗരം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുകയാണ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യുപിയില്‍ നിന്നുള്ള 80 സീറ്റുകളിലാണ് എല്ലാ പാര്‍ട്ടികളും ലക്ഷ്യമിടുന്നത്. ചതുഷ്‌കോണ പോരില്‍ കഴിഞ്ഞ തവണ ബിജെപി 71 സീറ്റിലും സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ട് സീറ്റിലും ജയിച്ചു.