പനാജി: ഗോവയില്‍ ഭരണസ്തംഭനമാണെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയായി ബി.ജെ.പി അസുഖബാധിതരായ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് നീക്കി. ഫ്രാന്‍സിസ് ഡിസൂസ, പാണ്ഡുരംഗ് മദ്കൈകര്‍ എന്നിവരെ തിങ്കളാഴ്ച മന്ത്രിസഭയില്‍നിന്ന് നീക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.

ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്ന മദ്കൈകര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജൂണ്‍ മുതല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗര വികസന മന്ത്രിയായിരുന്ന ഡിസൂസ അമേരിക്കയിലും ചികിത്സയിലാണ്. 

12 അംഗ മന്ത്രിസഭയിലേക്ക് ബി.ജെ.പി എം.എല്‍.എമാരായ നിലേഷ് കബ്രാള്‍, മിലിന്ദ് നായിക് എന്നിവര്‍ വൈകിട്ട് നാല് മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മര്‍മഗോവയില്‍ നിന്നുള്ള എം.എല്‍.എ മിലിന്ദ് നായിക് ലക്ഷ്മികാന്ത് പര്‍സേക്കര്‍ മന്ത്രിസഭയില്‍ ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നു. തെക്കന്‍ ഗോവയില്‍ നിന്നുള്ള എം.എല്‍.എയാണ് നിലേഷ് കബ്രാള്‍. 

ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍  തല്‍സ്ഥാനത്ത് തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചിരുന്നു. മന്ത്രി സഭയില്‍ മാറ്റങ്ങളുണ്ടാകുമെന്നും ഷാ വ്യക്തമാക്കിയിരുന്നു.

Content Highlights: BJP starts overhaul in Goa, two ailing ministers in Parrikar cabinet dropped