മുംബൈ: ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് മത്സരിപ്പിക്കാന്‍ ബി ജെ പി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

പുണെയില്‍നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പറഞ്ഞു. 

2019ലെ തിരഞ്ഞെടുപ്പില്‍ മാധുരിയെ മത്സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും പുണെയില്‍ നിര്‍ത്തിയാല്‍ ജയിക്കുമെന്നും ബിജെപി കരുതുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മാധുരിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമാവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായാണ് ഷാ മാധുരിയെ കണ്ടത്. 

2014ല്‍ കോണ്‍ഗ്രസില്‍നിന്നാണ് പുണെ മണ്ഡലം ബി ജെ പി പിടിച്ചെടുത്തത്. മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെ പിയുടെ അനില്‍ ഷിരോലെ വിജയിച്ചത്.

content highlights: BJP shortlists Madhuri Dixit for Pune loksabha constituency