ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ബിജെപി ഡീപ്ഫെയ്ക് വീഡിയോകള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. 

തിരഞ്ഞെടുപ്പിന് മുമ്പായി വിവിധ വിഭാഗങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രണ്ട് വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന രണ്ട് കൃത്രിമ ഡീപ് ഫെയ്ക് വീഡിയോകളാണ് ബിജെപി പ്രചരിപ്പിച്ചിരുന്നത്. വാട്‌സാപ്പ് വഴിയായിരുന്നു പ്രചാരണം.

മോര്‍ഫ് ചെയ്ത വീഡിയോകള്‍ യഥാര്‍ത്ഥമെന്ന് തോന്നിപ്പിക്കുന്നതിനാണ് ഡീപ്‌ഫെയ്ക് ഉപയോഗിക്കുന്നത്‌. മറ്റൊരാള്‍ പറഞ്ഞ കാര്യം വേറൊരാളുടെ വായില്‍ നിന്ന് വരുന്ന വാക്കുകളായി തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഇതുകൊണ്ട്‌ സാധിക്കും.

വൈസ് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ വിശകലനത്തിലാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഡീപ്‌ഫെയ്ക് വീഡിയോ ഉപയോഗിച്ചതായി കണ്ടെത്തിയത്. 44 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് മനോജ് തിവാരിയുടെ വീഡിയോ. ഹര്യാന്‍വി, ഹിന്ദി ഭാഷകളിലാണ് അദ്ദേഹം സംസാരിക്കുന്നത്.

ദുരുപയോഗ സാധ്യതകള്‍ ഏറെയുള്ള ഡീപ്‌ഫെയ്ക് വീഡിയോകള്‍ ഫെയ്‌സ്ബുക്ക് നേരത്തെ നിരോധിച്ചിരുന്നു.

Content Highlights: BJP Shared Deepfake Video On WhatsApp During Delhi Campaign