ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ തൃണമൂല്‍ കോണ്‍ഗ്രസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ബിജെപി. മമത ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രതികരണം. 

'ബംഗാളിന്റെ മുഖ്യമന്ത്രിയായ മമത ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നത് സ്വാഭാവികമാണ്. പ്രതിപക്ഷത്തിന്റെ മുഖമായി മമതയെ ഉയര്‍ത്തിക്കാട്ടുന്നതിന് മുന്‍പ് മമത ബാനര്‍ജിയാണ് തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യം ഔദ്യോഗിക പ്രഖ്യാപനം നടത്തണം. അവര്‍ ഇത് പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുശേഷം പ്രതിപക്ഷത്തിന്റെ മുഖമായി മമത ബാനര്‍ജിയെ അംഗീകരിക്കണോ വേണ്ടയോ എന്ന് പ്രതിപക്ഷം തീരുമാനിക്കട്ടെ. ഞങ്ങളുടെ (എന്‍ഡിഎ)പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചു കഴിഞ്ഞു. അത് നരേന്ദ്ര മോദിയാണ്  - ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകന്ത മജുംദാര്‍ പ്രതികരിച്ചു. 

മമത ഒരു ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കരുതേണ്ടത്. അവര്‍ തന്റെ ആളുകളെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്നതിന്റെ കാരണം ഇതാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തിയാണ് മമത മൂന്നാം തവണയും ബംഗാളില്‍ അധികാരത്തില്‍ എത്തിയതെന്നും അദ്ദേഹം ആരോപിച്ചു. 

തിങ്കളാഴ്ചയാണ് മമത ബാനര്‍ജി ഡല്‍ഹിയിലെത്തിയത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിനുള്ള കേന്ദ്രസഹായം, ബിഎസ്എഫിന്റെ അധികാര പരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കുമെന്നാണ് സൂചനകള്‍. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതില്‍ ഈ കൂടിക്കാഴ്ച നിര്‍ണായകമാവുമെന്നാണ് കരുതുന്നത്. നവംബര്‍ 25 വരെയാണ് മമത ഡല്‍ഹിയില്‍ ഉണ്ടാവുക. 

Content Highlights: BJP says TMC should declare Mamata Banerjee as PM candidate for 2024 LS polls