മമത ബാനർജി | Photo: PTI
ഷില്ലോങ്: തിരഞ്ഞെടുപ്പ് സമയത്ത് ഒന്നു പറയുകയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വേറൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇരട്ടമുഖമാണ് ബി.ജെ.പി.ക്കെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മേഘാലയയിലെ നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുന്ന ഒരേയൊരു പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസാണെന്നും മമത പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്ന പാര്‍ട്ടിയാണ് തങ്ങളുടെതെന്നും മമത അവകാശപ്പെട്ടു.
ബി.ജെ.പി.ക്ക് ഇരട്ട മുഖമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഒന്നു പറയും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വേറൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നതെന്നും തൃണമൂലിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവര്‍ പറഞ്ഞു.
മേഘാലയയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എന്‍.പി.പി. പാര്‍ട്ടി ചെയ്തതെന്താണ്? ചെയ്ത പ്രവര്‍ത്തനങ്ങളുടെ രേഖ കാണിക്കാന്‍ അവരെ വെല്ലുവിളിക്കുന്നു. വര്‍ഷമിത്ര കഴിഞ്ഞിട്ടും മേഘാലയയിലെ വീടുകളില്‍ വൈദ്യുതിയെത്താത്തതെന്തുകൊണ്ടാണ്? യുവ തലമുറയ്ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാത്തതെന്തുകൊണ്ടാണ്? അഴിമതി നിറഞ്ഞ ഈ ഭരണത്തില്‍നിന്നുള്ള ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ടി.എം.സി. മാത്രമാണ് വിശ്വാസയോഗ്യമായ ഒരു ബദലെന്നും അവര്‍ വ്യക്തമാക്കി.
അന്‍പതിനായിരത്തോളം പേര് പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു മമതയുടെ പ്രസംഗം. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും മമതയോടൊപ്പമുണ്ടായിരുന്നു. മേഘാലയയില്‍ ഫെബ്രുവരി 27-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. 2021-ല്‍ മേഘാലയയിലെ 17 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 12 പേരും തൃണമൂലിനൊപ്പം ചേര്‍ന്നിരുന്നു. 60 അംഗ മേഘാലയ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്.
Content Highlights: bjp says something during elections, does something else after polls, mamata
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..