കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ തന്റെ കാര്‍ ആക്രമിച്ചുവെന്ന് തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചതിന് പിന്നലെയാണ് ബിജെപിയുടെ ആരോപണം. 

ചിലര്‍ മുദ്രാവാക്യം വിളിക്കുന്നതും ഒരാള്‍ മുളവടി കൊണ്ട് കാറില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് അഭിഷേക് ബാനര്‍ജി പങ്കുവെച്ചത്. ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവത്തെ അപലപിച്ച ബംഗാള്‍ ബിജെപിയുടെ വക്താവ് സമിക് ഭട്ടാചാര്യ അക്രമികള്‍ ബിജെപി പ്രവര്‍ത്തകരല്ലെന്ന് പറഞ്ഞിരുന്നു. 

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകനായ തപന്‍ ഖതുവയേയും ബിര്‍ഭും ജില്ലയില്‍നിന്നുള്ള മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനായ ഇന്ദ്രജിത് സൂത്രധറിനെയും ടിഎംസി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതായാണ് ബംഗാള്‍ ബിജെപി ആരോപിച്ചത്. തപന്റെ മൃതദേഹം ഒരു കുളത്തില്‍ നിന്നും ഇന്ദ്രജിത്തിന്റേയും ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 

തപന്‍ ഖതുവയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അക്രമത്തിന്റെ സൂചനകളൊന്നുമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ദ്രജിത് രാത്രി വീട്ടില്‍നിന്ന് പോയതായി കുടുംബം പറഞ്ഞുവെന്നും ചില പ്രദേശവാസികളുമായി ഇയാള്‍ക്ക് തര്‍ക്കമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. 

ത്രിപുരയിലെ സംഭവത്തിന് ശേഷം ദിന്‍ഹട്ടയിലെ ബിജെപി പ്രവര്‍ത്തകരേയും നേതാക്കളേയും നന്നായി കൈകാര്യം ചെയ്യുമെന്ന് മേഖലയില്‍ നിന്നുള്ള തൃണമൂല്‍ നേതാവ് ഉദയന്‍ ഗുഹ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇരു ജില്ലകളിലേയും അസ്വാഭാവിക മരണങ്ങള്‍ കൊലപാതകങ്ങളായി ചിത്രീകരിച്ച് ബിജെപി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണെന്ന് ടിഎംസി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Content Highlights: BJP says 2 workers killed in Bengal after attack on Abhishek Banerjee’s car