ന്യൂഡല്‍ഹി: ലഖിംപുര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നീതി വേണമെന്നാവശ്യപ്പെടുകയും കര്‍ഷക സമരത്തെ പിന്തുണക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വരുണ്‍ ഗാന്ധി പുതിയ നീക്കവുമായി രംഗത്ത്.

കര്‍ഷകരെ ഭീഷണിപ്പെടുത്തിയ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി സംസാരിക്കുന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പഴയ വീഡിയോ വരുണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

വലിയ മനസ്സുള്ള ഒരു നേതാവിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ എന്ന തലക്കെട്ടോടെയാണ് വരുണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1980-ല്‍ കര്‍ഷകരെ അടിച്ചമര്‍ത്തുന്നെന്നാരോപിച്ച് അന്നത്തെ ഇന്ദിരാഗാന്ധി സര്‍ക്കാരിന് വാജ്‌പേയി മുന്നറിയിപ്പ് നല്‍കുന്നതാണ് വീഡിയോയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കേണ്ട. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക മുന്നേറ്റത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകരുടെ യഥാര്‍ത്ഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ കര്‍ഷകരുടെ സമാധാനപരമായ മുന്നേറ്റത്തെ അവഗണിക്കാനോ ശ്രമിച്ചാല്‍ ഞങ്ങളും ആ മുന്നേറ്റത്തിന്റെ ഭാഗമാകും' വാജ്‌പേയി വീഡിയോയില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും മകന്‍ ആശിഷ് മിശ്രയും പ്രതിക്കൂട്ടിലായ ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ കര്‍ഷകര്‍ നീതി ആവശ്യപ്പെട്ട് വരുണ്‍ രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു വരുണ്‍ ഗാന്ധി കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യമുയര്‍ത്തിയത്. 

ലഖിംപുര്‍ ഖേരി വിഷയത്തില്‍ ശബ്ദമുയര്‍ത്തിയ ഏക ബിജെപി നേതാവായ വരുണ്‍ ഗാന്ധിയേയും അമ്മ മനേക ഗാന്ധിയേയും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. ലഖിംപുര്‍ വിഷയം വര്‍ഗീയ സംഘര്‍ഷമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പിലിഭിത്ത് എംപിയായ വരുണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.