പട്‌ന: ബിജെപി നേതാവ് തര്‍കിഷോര്‍ പ്രസാദ് ബിഹാര്‍ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി കേന്ദ്രമന്ത്രിയാകുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ നാലാം തവണയും സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കത്തിഹാറില്‍നിന്നുള്ള എംഎല്‍എ ആയ പ്രസാദിനെ നിയമസഭാകക്ഷി നേതാവായി ബിജെപി തിരഞ്ഞെടുത്തത്. നിതീഷ് കുമാര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി ആയിരുന്ന സുശീല്‍ കുമാര്‍ മോദി ആയിരുന്നു നേരത്തെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവ്. 

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ എതിരില്ലാതെയാണ് തര്‍കിഷോര്‍ പ്രസാദിനെ ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. തനിക്ക് നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതം സമ്മാനിച്ചത് ബിജെപിയും സംഘ പരിവാറുമാണെന്ന് അദ്ദേഹം തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു. പാര്‍ട്ടി എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അത് നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാകക്ഷി ഉപനേതാവായി തിരഞ്ഞെടുത്ത രേണു ദേവിയെ അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ ചേര്‍ന്ന എന്‍ഡിഎയുടെ യോഗം നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. അദ്ദേഹം നാലാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന് അതോടെയാണ് ഉറപ്പായത്.

Content Highlights: BJP's Tarkishore Prasad to be Nitish Kumar's deputy in Bihar