കൊല്‍ക്കത്ത : തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ ടിഎംസി എംഎല്‍എ സോണാലി ഗുഹ തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മമതയ്ക്ക് കത്തെഴുതി. പാര്‍ട്ടി വിട്ടതിന് ക്ഷമ ചോദിച്ചു കൊണ്ടും തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്ചയാണ് സോണാലി ഗുഹ കത്തെഴുതിയത്.

"മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം തെറ്റായിരുന്നു. അവിടെ എനിക്ക് പൊരുത്തപ്പെട്ടുപോകാന്‍ കഴിഞ്ഞില്ല. തകര്‍ന്ന ഹൃദയത്തോടെയാണ് ഞാന്‍ ഇത് എഴുതുന്നത്" എന്നവര്‍ കത്തില്‍ കുറിച്ചു. ഗുഹ തന്നെയാണ് കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

'ഒരു മത്സ്യത്തിന് വെള്ളത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത പോലെ എനിക്ക് ദീദിയില്ലാതെ ജീവിക്കാന്‍ കഴിയില്ല. ദീദിയെന്നോട് ക്ഷമിക്കണം. താങ്കളെന്നോട് ക്ഷമിച്ചില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ കഴിയില്ല.എന്നെ തിരിച്ചു വരാനനുവദിക്കുക. ശിഷ്ടകാലം നിങ്ങളുടെ വാത്സല്യമെനിക്കനുഭവിക്കണം',  അവര്‍ ബംഗാളിയില്‍ എഴുതി.

നാല് തവണ എംഎല്‍എയായിരുന്ന ഗുഹ മുഖ്യമന്ത്രിയുടെ നിഴലായി കണക്കാക്കപ്പെട്ടിരുന്ന നേതാവാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അവര്‍ ബിജെപിയിലേക്ക് കൂടുമാറിയത്. ടിഎംസിയുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ടിവി ചാനലുകളില്‍ വൈകാരികമായി പ്രതികരിക്കുകയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയുമായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. പക്ഷെ ബിജെപിയുടെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നാണ് അന്നവര്‍ പറഞ്ഞത്.

content highlights: BJP's Sonali Guha Wants To Rejoin Trinamool