പ്രതീകാത്മക ചിത്രം | Photo: AFP
ന്യൂഡല്‍ഹി: മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ വോട്ടിന് വേണ്ടിയാവരുതെന്നും സാമൂഹിക ക്ഷേമപദ്ധതികളില്‍ തുല്യപരിഗണന ഉറപ്പുവരുത്തുന്ന രീതിയിലാവണമെന്നും ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇത് ബി.ജെ.പിക്ക് എതിരായി സമുദായ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നത് ഒഴിവാക്കുമെന്ന വിലയിരുത്തലാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികള്‍ വഴി ആനുകൂല്യം ലഭിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങളുടെ കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി അവര്‍ക്ക് എതിരല്ലെന്ന് തെളിയിക്കാനാണ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സാമൂഹികക്ഷേമ പദ്ധതികളുടെ ഗുണഫലം മുസ്ലിംകള്ക്ക് ലഭിക്കുന്നു എന്ന യാഥാര്‍ഥ്യം, ബി.ജെ.പി. മുസ്ലിം വിരുദ്ധപാര്‍ട്ടിയാണ് എന്ന പ്രതിപക്ഷ ആരോപണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ബി.ജെ.പിക്കെതിരെയും അതിന്റെ പ്രത്യയശാസ്ത്രത്തിനെതിരേയും പ്രതിപക്ഷം വലിയ തോതില്‍ ഭീതിവിതച്ചുവെന്നും അത് ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിക്കെതിരെ തിരിയാന്‍ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചെയ്തില്ലെങ്കിലും പാര്‍ട്ടിക്ക് എതിരായ വോട്ടുബാങ്കായി ന്യൂനപക്ഷങ്ങള്‍ മാറരുത് എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. പുതിയ നീക്കങ്ങള്‍ നടത്തുന്നത്. ന്യൂനപക്ഷവിഭാഗങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരുമായി കൂടുതല്‍ അടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടിയുടെ കഴിഞ്ഞ രണ്ട് ദേശീയ നിര്‍വാഹക സമിതി യോഗങ്ങളില്‍ നിര്‍ദേശിച്ചിരുന്നു.
'മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍, ആ തിരഞ്ഞെടുപ്പ് ബി.ജെ.പിയോടുള്ള വിദ്വേഷത്തിന്റെ പേരിലാവരുത്'- മുതിര്‍ന്ന നേതാവ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാവരുത് ന്യൂനപക്ഷങ്ങളോട് അടുക്കാനുള്ള പ്രവര്‍ത്തനങ്ങളെന്നും മൗലികവാദത്തേയും യാഥാസ്ഥിതികത്വത്തേയും തള്ളിപ്പറയുന്ന വിഭാഗങ്ങളുമായി അടുക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെങ്കിലും എതിര്‍ക്കാത്ത ബോറ മുസ്ലിംകളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ന്യൂനപക്ഷങ്ങള്‍ക്ക് വിപുലമായ പ്രാതിനിധ്യമുള്ള 60 മണ്ഡലങ്ങളില്‍ സ്നേഹയാത്രയുള്പ്പെടെ പ്രത്യേകപരിപാടികള്‍ സംഘടിപ്പിക്കാന്‍ നേരത്തെ ബി.ജെ.പി. തീരുമാനിച്ചിരുന്നു. കേരളത്തില്‍ വയനാട്, മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര, കാസര്‍കോട് മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്. മുസ്ലിങ്ങളിലെ പസ്മന്ദ, ബോറ തുടങ്ങിയ വിഭാഗങ്ങളുമായി അടുക്കണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പ്രൊഫഷണലുകള്‍, മതനേതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തണമെന്നും മോദി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ പാര്‍ട്ടി ആവിഷ്കരിക്കുന്നത്.
മുപ്പതുശതമാനത്തിലേറെ ന്യൂനപക്ഷ വിഭാഗങ്ങളുള്ള പത്ത് സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങളാണ് ബി.ജെ.പി.യുടെ പട്ടികയിലുള്ളത്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍, അമ്രോഹ, ഖൈരാന, നാഗിന, സാംബാല്‍, മുസഫര്‍നഗര്‍, രാംപുര്‍ എന്നീ മണ്ഡലങ്ങളും ബംഗാളിലെ ബെഹ്രാംപുര്‍, ജംഗിപുര്‍, മുര്‍ഷിദാബാദ്, ജയ്നഗര്‍ മണ്ഡലങ്ങളും ബിഹാറിലെ കിഷന്‍ഗഞ്ച്, കത്തിഹാര്‍, അരാരിയ, പൂര്‍ണിയ എന്നീ മണ്ഡലങ്ങളുമാണ് പട്ടികയിലുള്ളത്. ഹരിയാണയില്‍നിന്ന് ഗുരുഗ്രാം, ഫരീദാബാദ് മണ്ഡലങ്ങളും തെലങ്കാനയില്‍നിന്ന് ഹൈദരാബാദ്, സെക്കന്തരാബാദ് മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മണ്ഡലങ്ങളില്‍ നാലുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ ആവിഷ്കരിക്കും. സ്നേഹയാത്രകള്ക്കുപുറമേ, കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ താഴെത്തട്ടില്‍ വിശദീകരിക്കാനായി ക്യാമ്പുകളും പരിപാടികളും സംഘടിപ്പിക്കും.
Content Highlights: BJP’s outreach to Muslims aimed at countering community’s push against party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..