നൂപുർ ശർമ. photo: Nupur SharmaBJP/twitter
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ലെന്ന് പോലീസ്. കേസില്‍ ചോദ്യംചെയ്യാനായി ഡല്‍ഹിയിലെത്തിയ മുംബൈ പോലീസിന് കഴിഞ്ഞ അഞ്ചു ദിവസമായിട്ടും നൂപുറിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
മേയ് 26ന് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നൂപുര്‍ പ്രവാചകനെതിരേ പരാമര്‍ശം നടത്തിയത്. സംഭവം വലിയ വിവാദമായതോടെ മേയ് 28നാണ് ഡല്‍ഹി സ്വദേശിയായ നൂപുറിനെതിരേ മുംബൈ പോലീസ് കേസെടുത്തത്. ഇതിനുപിന്നാലെ കൊല്‍ക്കത്ത, ഡല്‍ഹി പോലീസും കേസെടുത്തിരുന്നു. എന്നാല്‍ ഇവരാര്‍ക്കും ഇതുവരെ നൂപുറിനെ കണ്ടെത്താനായിട്ടില്ല.
കേസില്‍ നൂപുറിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ കൈവശമുണ്ടെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ നല്കുന്ന സൂചന. ജൂണ്‍ 20ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത പോലീസ് നൂപുറിന് നോട്ടീസ് അയച്ചിട്ടുണ്ട്.
വിവാദ പരാമര്‍ശം ഇസ്ലാമിക രാജ്യങ്ങളുടെ കടുത്ത വിമര്‍ശനത്തിന് വഴിതുറന്നിരുന്നു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യങ്ങളില്‍നിന്ന് നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് പരാമര്‍ശം കാരണമായി. കുവൈത്ത്, ഖത്തര്‍, സൗദി, അമേരിക്ക തുടങ്ങി പതിനഞ്ചോളം രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. പ്രതിഷേധം ആളിപ്പടരുന്നതിനിടെ നൂപുര്‍ ശര്‍മയെ ബിജെപി സസ്പെന്‍ഡ് ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..