കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ചുചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍നിന്ന് വിട്ടുനിന്ന് വൈസ് പ്രസിഡന്റ് മുകുള്‍ റോയ്. യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹം മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യത തള്ളിക്കളയാന്‍ അദ്ദേഹത്തിന്റെ മകന്‍ ശുഭ്രാന്‍ഷു തയ്യാറായില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു. ബിജെപി ബംഗാള്‍ ഘടകത്തില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് സംഭവം.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് പിന്നാലെ പല നേതാക്കളും കടുത്ത ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. പലരും അതൃപ്തി മറച്ചുവെക്കാനും തയ്യാറാകുന്നില്ല. 35 ബിജെപി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ് തൃണമൂല്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. ഇവര്‍ തൃണമൂല്‍ നേതൃത്വവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നാണ് അവകാശവാദം. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ എത്തിയവരാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ തിരക്കുകൂട്ടുന്നത്.

അതിനിടെ, തൃണമൂല്‍വിട്ട് ബിജെപിയിലെത്തിയ ഏറ്റവും പ്രമുഖ നേതാവായ സുവേന്ദു അധികാരി ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റുരണ്ട് എംപിമാരായ അര്‍ജുന്‍ സിങ്, സൗമിത്ര ഖാന്‍ എന്നിവരും ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശേഷവും സ്വീകരിച്ച തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശമാണ് ബംഗാള്‍ ഘടകത്തില്‍നിന്ന് ഉയരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂല്‍വിട്ട് വന്നവരാണ് രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നത്. ബിജെപിയുടെ ബംഗാളിലെ നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കുന്നതിന് പകരും പുറത്തുനിന്ന് നേതാക്കളെ എത്തിച്ചത് തിരിച്ചടിയായി എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇത്തരം നീക്കങ്ങള്‍ മമതയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നാണ്‌ അവര്‍ പറയുന്നത്.

മമതയും പുറത്തുനിന്ന് ഉള്ളവരും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് മാറിയെന്നും അവര്‍ ആരോപിക്കുന്നു. തൃണമൂല്‍ നേതാവും മുന്‍ മന്ത്രിയുമായ രജിബ് ബാനര്‍ജി അടക്കമുള്ളവര്‍ സംശയാലുക്കളായി നിലയുറപ്പിക്കുകയാണ്. ബിജെപി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനത്തില്‍ നാടകീയമായി ഡല്‍ഹിയിലെത്തി അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ച നേതാവാണ് അദ്ദേഹം. അതിനിടെ, ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന ആരോപണം ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയും അവര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങളെ ബംഗാളിലെ ജനങ്ങള്‍ ചെറുക്കും. കോവിഡ് പ്രതിരോധത്തിലും യാസ് ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങള്‍ നേരിടുന്നതിലുമായി ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് മമത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപദേശിച്ചിരുന്നു.

Content Highlights: BJP's Mukul Roy skips party meeting called by State Chief Dilip Ghosh