കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ തള്ളി ബിജെപി നേതാവ് മുകുള്‍ റോയ്. പശ്ചിമ ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ബിജെപിയുടെ ഒരു 'സൈനികനായി' തന്റെ പോരാട്ടം തുടരുമെന്ന് മുകുള്‍ റോയ് അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി.

വെള്ളിയാഴ്ച ബിജെപിയുടെ സുപ്രധാന നിയമസഭാ സാമാജിക യോഗത്തില്‍ മുകുള്‍ റോയ് പങ്കെടുക്കാത്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരന്നത്. ഇതേ തുടര്‍ന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

'നമ്മുടെ സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ബിജെപിയുടെ സൈനികനെന്ന നിലയില്‍ എന്റെ പോരാട്ടം തുടരും. കെട്ടുകഥകളും ഊഹാപോഹങ്ങളും അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. എന്റെ രാഷ്ട്രീയ പാതയില്‍ ഞാന്‍ ദൃഢ നിശ്ചയത്തിലാണ്' മുകുള്‍ റോയ് ട്വീറ്റ് ചെയ്തു.