ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയെ വിമര്‍ശിച്ച് ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി. ഇന്ത്യ എല്ലായ്‌പ്പോഴും സംശയിക്കുന്ന ഗൂഢാലോചന ഇപ്പോഴും നടക്കുന്നതിന്റെ തെളിവാണ് ഗ്രെറ്റ ത്യുന്‍ബെയുടെ ട്വീറ്റ് എന്നായിരുന്നു മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന കര്‍ഷകരെ ഗ്രെറ്റ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും അവര്‍ ചോദിച്ചു. 

നൊബേല്‍ സമ്മാനം നല്‍കുന്നത് നല്ല കാര്യങ്ങള്‍ക്കാണ്, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്ന, അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന, വെള്ളം ദുരുപയോഗം ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഗ്രെറ്റ ത്യുന്‍ബെയ്ക്ക് എങ്ങനെയാണ് സാധിക്കുക. ഗ്രെറ്റ ഒരു കുട്ടിയാണ്. നൊബേലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്റെ കൈകളില്‍ ആയിരുന്നെങ്കില്‍ ഗ്രെറ്റയെ നാമനിര്‍ദേശ പട്ടികയില്‍ നിന്ന് ഒഴിവാക്കി അവര്‍ക്ക് കുട്ടികള്‍ക്കുളള എന്തെങ്കിലും പുരസ്‌കാരം നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

കര്‍ഷകരെ പിന്തുണച്ച ഗ്രെറ്റയ്‌ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസ്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോപ്പ് താരം റിഹാന, ഗ്രെറ്റ ത്യുന്‍ബെ തുടങ്ങിയവര്‍ രംഗത്തെത്തിയതോടെ സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. എന്നാല്‍ ഇത് ഇന്ത്യക്കെതിരേ നടക്കുന്ന ഗൂഢാലോചനയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചത്. ഇന്ത്യ ഒറ്റക്കെട്ട് എന്ന ഹാഷ്ടാഗില്‍ ഒരു കാമ്പെയിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. 

Content Highlights:BJP's Meenakshi Lekhi criticises Greta Thunberg