ന്യൂഡല്‍ഹി: എം.പി.യും മുന്‍ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐ.എസ്.ഐ.എസ്. കശ്മീര്‍ എന്ന പേരിലുള്ള സംഘടനയില്‍നിന്നാണ് വീണ്ടും ഭീഷണിസന്ദേശം ലഭിച്ചത്. ആറ് ദിവസത്തിനിടയില്‍ ഗംഭീറിന് ലഭിക്കുന്ന മൂന്നാമത്തെ ഭീഷണിസന്ദേശമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഗംഭീറിനുള്ള സുരക്ഷയും വര്‍ധിപ്പിച്ചു. 

നിങ്ങളുടെ ഡല്‍ഹി പൊലീസിനും ഐ.പി.എസ് ശ്വേതക്കും (ഡിജിപി) ഞങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ല. പോലീസിലും ഞങ്ങളുടെ ചാരന്മാരുണ്ട്.  എല്ലാ വിവരങ്ങളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. -ഐ.എസ് കശ്മീരിന്റെ പേരില്‍ ഗംഭീറിന് ലഭിച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം ലഭിച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. 

ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി 9.32-നാണ് വധഭീഷണി ഉയര്‍ത്തിയുള്ള ആദ്യ ഇ-മെയില്‍ സന്ദേശം ലഭിച്ചതെന്ന് ഗംഭീറിന്റെ പേഴ്‌സണല്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. നിങ്ങളെയും കുടുംബത്തെയും കൊല്ലാന്‍ പോവുന്നു എന്നായിരുന്നു ഇ-മെയിലിലെ ഉള്ളടക്കം. 

ഗൗതം ഗംഭീര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അന്വേഷണവും ആരംഭിച്ചിരുന്നു. അദ്ദേഹത്തിന്റെ വസതിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായും പോലീസ് അറിയിച്ചു. പരാതി ലഭിച്ചതിനേത്തുടര്‍ന്ന് ഗൗതം ഗംഭീറിനുള്ള സുരക്ഷയും അദ്ദേഹത്തിന്റെ രാജീന്ദ്ര നഗറിലുള്ള വസതിക്കും സുരക്ഷ വധിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ശ്വേത ചൗഹാന്‍ പറഞ്ഞു.

ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്ലിനു കീഴിലുള്ള ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍ യൂണിറ്റ് ഗൂഗിളിനെ ബന്ധപ്പെട്ട് ഇ-മെയിലിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സെല്ലിനാണ് അന്വേഷണച്ചുമതല. പരാതി ഗൗരവമായെടുത്തിട്ടുണ്ടെന്നും ഉന്നത പോലീസ് മേധാവികള്‍ അറിയിച്ചു.

Content Highlights: BJP's Gautam Gambhir Alleges Another Death Threat, Third In A Week