പനജി: ഗോവയില്‍ ബിജെപിയുടെ മുന്‍ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) തൃണമൂല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. അടുത്ത വര്‍ഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംജിപി-തൃണമൂല്‍ സഖ്യം യാഥാര്‍ഥ്യമാകുന്നത്‌.

എംജിപി അധ്യക്ഷന്‍ ദീപക് ധവലികര്‍ ആണ് തിങ്കളാഴ്ച സഖ്യം പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും സഖ്യം സ്ഥിരീകരിച്ചു. തൃണമൂലുമായി ധാരണയിലെത്തുന്നതിന് മുമ്പ് കോണ്‍ഗ്രസുമായും ആം ആദ്മി പാര്‍ട്ടിയുമായും തങ്ങള്‍ സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ദീപക് ധവലികര്‍ വ്യക്തമാക്കി.

2017-ല്‍ മൂന്ന് സീറ്റുകളിലാണ് എംജിപി വിജയിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. എന്നാല്‍ 2019-ല്‍ എംജിപിയിലെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് സഖ്യം പിളരാന്‍ കാരണം.