ന്യൂഡല്‍ഹി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയുടെ മുന്‍സഖ്യകക്ഷി. ഗോവാ ഫോര്‍വേഡ് പാര്‍ട്ടി(ജി.എഫ്.പി.)യാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. ഇതിനു പിന്നാലെ ജി.എഫ്.പി. നേതാവ് വിജയ് സര്‍ദേശായിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും കൈകോര്‍ത്തുപിടിച്ച ചിത്രം പുറത്തെത്തുകയും ചെയ്തു. 

അതേസമയം, ജി.എഫ്.പിയുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര രംഗത്തെത്തി. ജി.എഫ്.പിയെ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ ഇത് ഫലം കാണാതിരിക്കുകയും ജി.എഫ്.പി. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതുമാണ് മഹുവയെ പ്രകോപിപ്പിച്ചത്.

2017-ല്‍ ഗോവയില്‍ കോണ്‍ഗ്രസ് 17 സീറ്റുകള്‍ നേടി. ബി.ജെ.പി. വെറും 13 സീറ്റും. എന്നിട്ടും, അന്ന് എ.ഐ.സി.സിയുടെ ദിഗ്‌വിജയ് സിങ് 'നിരീക്ഷിച്ചതുപോലെ' അവിശുദ്ധ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍  ജി.എഫ്.യുമായി ബി.ജെ.പി. ഇടപാട് ഉറപ്പിച്ചു- മഹുവ ട്വീറ്റ് ചെയ്തു. ബി.ജെ.പി. തിന്മ നിറഞ്ഞതാണെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജി.എഫ്.പി. മനസ്സിലാക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നെന്നും മഹുവ പരിഹസിക്കുന്നുമുണ്ട്. 

ഗോവയുടെ നാല്‍പ്പതംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുന്നത്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഒരുസമയത്തെ നിര്‍ണായക സഖ്യകക്ഷിയായിരുന്ന ജി.എഫ്.പി., കഴിഞ്ഞ ഏപ്രിലിലാണ് വഴിപിരിഞ്ഞത്.

ഒക്ടോബറില്‍ തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ഗോവയില്‍ എത്തിയപ്പോള്‍ വിജയ് സര്‍ദേശായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ജി.എഫ്.പിയുമായി സഖ്യമല്ല പകരം ജി.എഫ്.പി. തൃണമൂലില്‍ ലയിക്കുന്നതിനോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് സര്‍ദേശായിക്ക് അംഗീകരിക്കാനായില്ല. ഇതിനു പിന്നാലെയാണ് ജി.എഫ്.പി. കോണ്‍ഗ്രസിനൊപ്പം സഖ്യംചേരാന്‍ തീരുമാനിച്ചത്. 

ഗോവയുടെ രണ്ടാം വിമോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ വിജയ് സര്‍ദേശായിയുടെ പ്രതികരണം. 

content highlights: bjp's former ally joins hands with congress in goa, mahua moitra criticises