ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ധാരു ദത്താത്രയയുടെ മകന്‍ ബന്ധാരു വൈഷ്ണവ്(21) ഹൃദയാഘാതം മൂലം മരിച്ചു. 
 
മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ വൈഷ്ണവ് ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു.
 
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രാത്രി 12.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദ്രോഗി കൂടിയായ ബന്ധാരു ദത്താത്രയയെ ബുധനാഴ്ച പുലര്‍ച്ചെ മാത്രമാണ് മരണ വിവരം അറിയിച്ചത്.