മുംബൈ: പൗരത്വനിയമ ഭേദഗതിക്കെതിരേ ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന യാത്രക്കാരനായ കവിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഊബര്‍ ഡ്രൈവര്‍ക്ക് ബിജെപിയുടെ 'അലര്‍ട്ട് സിറ്റിസണ്‍' പുരസ്‌കാരം. രോഹിത് ഗൗര്‍ എന്ന ഡ്രൈവറെ  മുംബൈയിലെ ബിജെപി പ്രവര്‍ത്തകരും നേതാക്കളുമെത്തി അഭിനന്ദിച്ചു. 

ബുധനാഴ്ചയായിരുന്നു ജയ്പുരില്‍നിന്നുള്ള ബപ്പാദിത്യ സര്‍ക്കാര്‍ എന്ന കവിയെ ഊബര്‍ ഡ്രൈവര്‍ പോലീസിലേല്‍പ്പിച്ചത്.  ജുഹുവില്‍നിന്ന് കുര്‍ളയിലേക്ക് രാത്രി 10.30-ന് പോവുകയായിരുന്നു ബപ്പാദിത്യ. ഇതിനിടയിലാണ് നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ജയ്പുരിലുള്ള മറ്റൊരു സുഹൃത്തുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചത്. ഇതുകേട്ട ടാക്‌സി ഡ്രൈവര്‍ വണ്ടി സാന്താക്രൂസ് പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയശേഷം എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവരാമെന്ന് പറഞ്ഞ് ഇറങ്ങി, പൊലീസുകാരേയും കൂട്ടി തിരിച്ചെത്തുകയായിരുന്നു. 

ബപ്പാദിത്യ കമ്യൂണിസ്റ്റ് ആണെന്നും രാജ്യത്തെ നശിപ്പിക്കുന്ന കാര്യമാണ് ഫോണില്‍ സംസാരിച്ചതെന്നും രാജ്യത്തെ മുഴുവന്‍ ഷഹീന്‍ബാഗാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഡ്രൈവര്‍ പോലീസുകാരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രണ്ടര മണിക്കൂറോളം പോലീസ് ബപ്പാദിത്യയെ ചോദ്യം ചെയ്തു. 

ആക്ടിവിസ്റ്റ് കവിത കൃഷ്ണന്‍ ഈ സംഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പൗരത്വ നിയമത്തിനെതിരേ നടക്കുന്ന പല പ്രതിഷേധങ്ങളിലും പങ്കെടുത്ത കവിയാണ് ബപ്പാദിത്യ സര്‍ക്കാര്‍. 

സംഭവം ചര്‍ച്ചയായതിനു പിന്നാലെ രോഹിത്തിനെ ഊബര്‍ സസ്പെന്‍ഡ് ചെയ്തു.

Content Highlights: BJP's Award  For Uber Driver, Poet  Bappadittya Sarkar,