ന്യൂഡല്‍ഹി: ബോളിവുഡ് താരം ദീപിക പദുകോണിന്റെ ജെഎന്‍യു സന്ദര്‍ശനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെ പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന ബോളിവുഡ് താരങ്ങളുടെ വീഡിയോ പങ്കുവെച്ച് ബിജെപി. ഗായകന്‍ ഷാന്‍, അഭിനേതാക്കളായ തനിഷ മുഖര്‍ജി, രണ്‍വീര്‍ ഷോരെ, സംവിധായകന്‍ അനില്‍ ശര്‍മ എന്നിവരാണ് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായങ്ങള്‍ വീഡിയോയില്‍ പങ്കുവെച്ചിരിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിയില്‍ ബോളിവുഡ് താരങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി കേന്ദ്രമന്ത്രി പീയുഷ് ഗോയലും ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡെയും ബോളിവുഡ് താരങ്ങള്‍ക്ക് മുംബൈയില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ താരങ്ങളില്‍ പലരും ഇതില്‍ നിന്ന് വിട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഇതിന് പിന്നാലെയാണ് ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ദീപിക പദുകോണ്‍ ജെഎന്‍യു ക്യാമ്പസിലെത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. ദീപികയുടെ സിനിമ ബഹിഷ്‌കരിക്കണമെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്ക്കുന്ന താരങ്ങളുടെ വീഡിയോ ബിജെപി പുറത്തുവിട്ടിരിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതി 2019 ഇന്ത്യന്‍ പൗരനെ ബാധിക്കില്ല. അഭിനേതാക്കള്‍ക്ക് ഇതില്‍ എന്താണ് പറയാനുള്ളത് എന്ന് കണ്ടുനോക്കൂ. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Content Highlights: BJP releases video with bollywood stars who support CAA