ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യതലസ്ഥാനത്ത് കർഷ പ്രതിഷേധം രണ്ടാഴ്ചയായി തുടരുമ്പോഴും നിലപാട് തിരുത്തില്ലെന്ന് ആവർത്തിച്ച് ബിജെപി. മൂന്ന് കാർഷിക നിയമങ്ങളെയും ന്യായീകരിച്ച് പുതിയ സോഷ്യൽ മീഡിയാ ക്യാംപെയിനിനും ബി.ജെ.പി കേന്ദ്ര നേതൃത്വം തുടക്കമിട്ടു.

നിയമത്തിലൂടെ കർഷകർക്ക് ലഭിക്കുന്ന ഗുണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ക്യാംപെയിന്‍. ഡൽഹിയിലെ കർഷക പ്രതിഷേധം സോഷ്യൽ മീഡിയകളിൽ ട്രെന്റിങ്ങായതിന് പിന്നാലെയാണ് ബി.ജെ.പിയുടെ നീക്കം. കേന്ദ്രനിയമം കർഷക വിരുദ്ധമാണെന്ന ആരോപണങ്ങൾ നിഷേധിക്കാൻ ഹിന്ദിയിൽ ഇൻഫോഗ്രാഫിക്സിലൂടെ നിയമത്തിന്റെ നല്ലവശങ്ങൾ വിശദീകരിച്ചാണ് ക്യാംപെയിന്‍.

പുതിയ കാർഷിക നിയമങ്ങൾ കർഷരുടെ ജീവിതത്തിൽ അഭിവൃദ്ധി സൃഷ്ടിക്കുമെന്ന അടിക്കുറിപ്പോടെയാണ് ക്യാംപെയിന്‍. വിനാശകാരികളും അരാജകവാദ ശക്തികളും പ്രചരിപ്പിക്കുന്ന തെറ്റായ പ്രചരണം അവഗണിക്കണം. മിനിമം താങ്ങുവിലയും ചന്തകളും തുടരുമെന്നും കർഷകർ ആഗ്രഹിക്കുന്ന പോലെ അവരുടെ വിളകൾ എവിടെയും വിൽക്കാൻ സാധിക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു.

ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെ ഈ ഇൻഫോഗ്രാഫിക്സ് പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ നൂറുകണക്കിന് കമന്റുകളു പോസ്റ്റിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്.

content highlights:BJP releases Hindi 'Rumour vs Truth' infographics in defence of farm laws