പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ| Photo: ANI
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാംവാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിനൊപ്പം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള കരുനീക്കങ്ങളും ഉറപ്പിച്ച് ബി.ജെ.പി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 144 മണ്ഡലങ്ങള്‍ ഏത് വിധേനയും പിടിച്ചെടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വന്പദ്ധതികള്ക്കാണ് ബി.ജെ.പി. തുടക്കമിടുന്നത്.
ഇതിന്റെ ഭാഗമായി ഈ മണ്ഡലങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരെ നേരിട്ട് അയക്കാനും സര്‍ക്കാര്‍ പദ്ധതികളില്‍ ജനങ്ങളുടെ പ്രതികരണമറിയാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രമുഖ ബി.ജെ.പി. നേതാക്കളും മണ്ഡലങ്ങളിലെത്തും. ബി.ജെ.പി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ മണ്ഡലങ്ങളിലാവും മന്ത്രിമാര്‍ നേരിട്ടെത്തുക.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുടെ ഏകദിനയോഗത്തിലാണ് മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്കും ചുവട് വെക്കാന്‍ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ,കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, സ്മൃതി ഇറാനി എന്നിവരെല്ലാം യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. സേവനം, മികച്ച ഭരണ നിര്‍വഹണം, പാവങ്ങളുടെ ക്ഷേമം എന്നിവ മുന്‍നിര്‍ത്തി മേയ് 30 മുതല്‍ ജൂണ്‍ 15-വരെയാണ് എട്ടാം വാര്‍ഷികാഘോഷം. ഇതിനിടെയായിരിക്കും 144 മണ്ഡലത്തിലെ പര്യടനം സംബന്ധിച്ച് അവസാന തീരുമാനമാവുക
കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ ബംഗാളിലേക്കായിരിക്കും സന്ദര്ശനത്തിനെത്തുക. ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും മറ്റ് മന്ത്രിമാരും പഞ്ചാബിലും സന്ദര്‍ശനം നടത്തുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. മന്ത്രിമാര്‍,രണ്ടോ മൂന്നോ ദിവസം അവര്‍ക്ക് നല്കിയ മണ്ഡലത്തില്‍ താമസിച്ച് പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..