ശ്രീനഗര്‍: ബിജെപിയുടെ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേരെ പിടിച്ചുപറിക്കേസില്‍ ജമ്മു കശ്മീര്‍ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാരാമുള്ളയിലെ സോപോറിലാണ് അറസ്റ്റ് നടന്നത്. മുദാസിര്‍ അഹമ്മദ് ഷെയ്ഖ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

അജ്ഞാതരായ ചില ആയുധധാരികള്‍ നദിഹാലിലെ തന്റെ ഭാര്യാബന്ധുവീട്ടില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അതിക്രമിച്ചു കയറിയതായും വീട്ടിലെ മൊബൈല്‍ ഫോണുകള്‍ എടുത്തു കൊണ്ടു പോവുകയും ചെയ്തതായി മുദാസിര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പഞ്ചായത്തംഗമായ മെഹ്‌റാജുദ്ദീന്‍ റാത്തര്‍ കൂടി അക്രമസംഭവത്തില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയത്. 

തുടര്‍ന്ന് ഇയാള്‍ കുറ്റസമ്മതം നടത്തുകയും തനിക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കുറിച്ച് വിവരം കൈമാറുകയും ചെയ്തു. മുഹമ്മദ് സലിം വാനി, ബഷീര്‍ അഹമ്മദ് ലോനി, മുഹമ്മദ് ദില്‍വാര്‍ ഖവാജാ എന്നിവരാണ് കേസിലെ മറ്റ് മൂന്ന് പ്രതികള്‍. മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും മുഹമ്മദ് സലിം വാനി മാത്രം ഹാജരായില്ലെന്ന് പോലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകനായ വാനി ഗ്രാമമുഖ്യന്‍ കൂടിയാണ്. 

പരാതിക്കാരന്റെ ബന്ധുക്കളുടെ 'ലോനി ട്രേഡേസി'ല്‍ നിന്ന് പണം തട്ടിയെടുക്കയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും അതിനായി വ്യാജആയുധങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ അന്വേഷണം തുടരുന്നു.

 

Content Highlights: BJP panchayat member among three arrested for extortion in Jammu Kashmir