ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന വീണ്ടും പരാജയപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ ആരോപണ പ്രത്യാരോപണം തുടരുന്നു

വിഷയത്തില്‍ മോദിയെ രൂക്ഷമായി കടന്നാക്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയുടെ ചെലവില്‍ ചൈനക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നല്‍കിയത് രാഹുലിന്റെ മുതു മുത്തച്ഛനാണെന്ന് ബി.ജെ.പി ട്വീറ്റ് ചെയ്തു.

'ഇന്ത്യയുടെ ചെലവില്‍ താങ്കളുടെ മുതു മുത്തച്ഛന്‍ ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കിൽ അവർ അവിടെ ഉണ്ടാകുമായിരുന്നില്ല. താങ്കളുടെ കുടുംബം ചെയ്ത തെറ്റുകള്‍ തിരുത്തുകയാണ് രാജ്യം. ഭീകരവാദത്തിന് എതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കും. അക്കാര്യം മോദിക്ക് വിട്ടേക്കുക. താങ്കൾ ചൈനീസ് സ്ഥാനപതിമാരുമായി നടത്തുന്ന രഹസ്യ സൗഹൃദം തുടർന്നോളു '- ബി.ജെ.പി ട്വീറ്റ് ചെയ്തു.

ദുര്‍ബലനായ മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങിനെ ഭയമാണെന്നായിരുന്നു നേരത്തെ രാഹുല്‍ പരിഹസിച്ചത്. ചൈന ഇന്ത്യക്കെതിരെ നീങ്ങുമ്പോള്‍ ഒരു വാക്കും പോലും മോദി ഉരിയാടിയില്ല. ഷീ ജിങ് പിങിനോടൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുന്നതും അദ്ദേഹത്തെ ഡല്‍ഹിയില്‍ വെച്ച് ആലിംഗനം ചെയ്യുന്നതും ചൈനയിലെത്തി നമസ്‌ക്കരിക്കുന്നതുമാണ് മോദിയുടെ ചൈനീസ് നയതന്ത്രമെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

content highlights: BJP On Rahul Gandhi's "Modi Scared Of Xi" Dig