അരവിന്ദ് കെജ്രിവാൾ| Photo: PTI
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന ആരോപണത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ഡല്‍ഹി ബി.ജെ.പി.
തിങ്കളാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുന്ന ബി.ജെ.പിയുടെ മേയര്‍മാരെയും കൗണ്‍സിലര്‍മാരെയും കാണാതിരിക്കാനുള്ള കെജ്രിവാളിന്റെ നാടകമായിരുന്നു അതെന്ന് അവര്‍ ആരോപിച്ചു.
ബി.ജെ.പി. ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍മാരും കൗണ്‍സിലര്‍മാരുമാണ് ഇന്നലെ മുതല്‍ കെജ്രിവാളിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.
മുനിസിപ്പാലിറ്റികള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട 13,000 കോടി രൂപയുടെ കുടിശ്ശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ സമരം. ഡല്‍ഹി ബി.ജെ.പി. വൈസ് പ്രസിഡന്റ് ഹര്‍ഷ് മല്‍ഹോത്ര,നിരവധി വനിത കൗണ്‍സിലര്‍മാര്‍ എന്നിവരും മേയര്‍മാരുടെ സംഘത്തിന് ഒപ്പമുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്‍ ആദേഷ് ഗുപ്ത, എം.പിമാരായ മീനാക്ഷി ലേഖി, പര്‍വേഷ് വര്‍മ തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു.
ഡല്‍ഹി മുഖ്യമന്ത്രി വീട്ടുതടങ്കലില്‍ അല്ലെന്നും കഴിഞ്ഞ രാത്രിയില്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനാല്‍ വീട്ടില്‍ വിശ്രമിക്കുകയാണെന്നും മീനാക്ഷി ലേഖി എം.പി. ട്വീറ്റ് ചെയ്തു. ഈ തട്ടിപ്പ് ഞങ്ങള്‍ക്ക് പരിചിതമാണെന്നും ഇത്തവണ മറ്റുള്ളവര്‍ കൂടി ഇത് മനസ്സിലാക്കട്ടേയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കെജ്രിവാളിനെ ഡല്‍ഹി പോലീസ് വീട്ടുതടങ്കലില്‍ ആക്കിയെന്ന് ആരാപിച്ച് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ആപ്പ് പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കെജ്രിവാള് പുറത്തെത്തുകയും പ്രവര്‍ത്തകരെ കാണുകയും ചെയ്തു. തന്നെ തടഞ്ഞില്ലായിരുന്നെങ്കില്‍ ഭാരത ബന്ദ് നടത്തി പ്രതിഷേധിക്കുന്ന കര്‍ഷകരെ ചെന്നു കാണുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിനു പിന്നാലെ കെജ്രിവാളിനെ വീട്ടുതടങ്കലില്‍ ആക്കിയെന്നായിരുന്നു ആപ്പ് പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഈ ആരോപണം ഡല്‍ഹി പോലീസ് നിഷേധിക്കുകയും ചെയ്തിരുന്നു.
content highlights: bjp on arvind kejriwal house arrest allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..