ഭോപ്പാല്‍: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും സര്‍ക്കാരിനെ താഴെയിറക്കാനും ബി.ജെ.പി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. 

" ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാകാനും നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു. 15 വര്‍ഷമായി സംസ്ഥാനം കൊള്ളയടിച്ചവര്‍ 25 മുതല്‍ 35 കോടി വരെ നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എമാരെ വശീകരിക്കുകയാണ്. ആദ്യ ഗഡുവായി അഞ്ച് കോടി നല്‍കും. രണ്ടാമത്തെ ഗഡു രാജ്യസഭാ നോമിനേഷന് ശേഷവും. അവസാനത്തേത്‌ അവട്ടെ സര്‍ക്കാരിനെ താഴെയിറക്കിയ ശേഷവും. ഇതാണ് വാഗ്ദാനം" - ദിഗ് വിജയ് സിങ് പറഞ്ഞു. 

പക്ഷേ കര്‍ണ്ണാടകയിലേത് പോലെ എംഎല്‍എമാരെ മധ്യപ്രദേശില്‍ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 16 മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കുകയും രാജ്യസഭാ ഒഴിവുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുമാണ്‌ അദ്ദേഹത്തിന്റെ പരാമര്‍ശം. 

ആരും ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ് ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ മനസാക്ഷിക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നു. ദിഗ് വിജയ് സിങിന്റെ പക്കല്‍ തെളിവുണ്ടെങ്കില്‍ അദ്ദേഹം അത് തെളിയിക്കട്ടെയെന്നും ഭാര്‍ഗവ് പറഞ്ഞു.

content Highlights: BJP Offering Rs 25-35 Crore to Congress MLAs to Bring Down MP Govt, Alleges Digvijaya Singh