കോലാര്‍: പാര്‍ട്ടിയില്‍നിന്ന് രാജിവെക്കാന്‍ ബിജെപി 30 കോടി വാഗ്ദാനം ചെയ്‌തെന്ന് കര്‍ണാടകത്തിലെ ഭരണപക്ഷ എംഎല്‍എ. ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡയാണ് ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. മുന്‍കൂറായി തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കളായ സിഎന്‍ അശ്വത് നാരായണ്‍, എസ്ആര്‍ വിശ്വനാഥ്, സിപി യോഗേശ്വര എന്നിവര്‍ തന്റെ വീട്ടില്‍ വരികയും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയുമായിരുന്നു. അവിടെവെച്ച് അഞ്ചു കോടി രൂപ തന്നെന്നും ശ്രീനിവാസ ഗൗഡ വെളിപ്പെടുത്തി.

ജെഡിഎസില്‍നിന്ന് രാജിവെക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ താന്‍ തന്റെ പാര്‍ട്ടിയോട് വിശ്വസ്തനാണെന്നും ഒരിക്കലും രാജിവെക്കില്ലെന്നും പറഞ്ഞു. തനിക്കു തന്ന പണം തിരികെ കൊണ്ടുപോകാന്‍ ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടു. ഇക്കാര്യം എച്ച്ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തു- ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.

കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിലെ 18 എംഎല്‍എമാരെ വിലയ്‌ക്കെടുക്കുന്നതിന് ബിജെപി 200 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം.

Content Highlights: BJP Offered 30 Crores To Quit, JDS MLA, Karnataka Politics, BJP, Congress, HD Kumaraswami