ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍


അക്രമികളില്‍ നിന്ന് ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നു

ദിലീപ് ഘോഷ്| Photo: PTI

കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ഭവാനിപുര്‍ മണ്ഡലത്തിലെ ജാദൂബാബുര്‍ ബസാറില്‍ കാല്‍നട പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.

ദിലീപ് ഘോഷ് നടന്നുനീങ്ങുന്നതിനിടെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇവര്‍ ദിലീപ് ഘോഷിനെയും അംഗരക്ഷകരെയും കൈയേറ്റം ചെയ്യുകയായിരുന്നു. അക്രമികളില്‍ നിന്ന് ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നു. അക്രമത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. മണ്ഡലത്തില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്നാവഷ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കി

കൈയേറ്റ ശ്രമം

പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് ഭബാനിപുര്‍ നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് വീടുവീടാന്തരം പ്രചാരണം നടത്തുന്നതിനിടെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ജാദൂബാബുര്‍ ബസാറില്‍ വെച്ച് ഒരു സംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രോശവുമായി ദിലീപ് ഘോഷിന് നേര്‍ക്ക് വരികയായിരുന്നു.

ഇവരെ തടയാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ശ്രമിച്ചെങ്കിലും സംഘം പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് അംഗരക്ഷകര്‍ സംഘത്തിനുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെയാണ് അക്രമികള്‍ പിന്‍മാറാന്‍ തയ്യാറായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു.

'നടന്നത് തന്നെ വധിക്കാനുള്ള ശ്രമം' - ദിലീപ് ഘോഷ്

തന്നെ വധിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് ദിലീപ് ഘോഷ് സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഭബാനിപൂരില്‍ പ്രചാരണത്തിനിടെ ടിഎംസി പ്രവര്‍ത്തകരാണ് തന്നെയും ബിജെപി പ്രവര്‍ത്തകരെയും ആക്രമിച്ചതെന്ന് ഘോഷ് പറഞ്ഞു. 'ഞങ്ങളുടെ ഒരു പ്രവര്‍ത്തകനെ അവര്‍ ക്രൂരമായി തല്ലി, ഞാനും ആക്രമിക്കപ്പെട്ടു. എന്റെ അംഗരക്ഷകര്‍ അത് തടയാന്‍ ശ്രമിക്കുകയും ഒടുവില്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് തോക്കുകള്‍ ചൂണ്ടേണ്ട അവസ്ഥ വരെ വന്നു.''അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യപരമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭാ എംപിയായ തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദിലീപ് ഘോഷ് ആശങ്ക പ്രകടിപ്പിച്ചു. യാതൊരു സുരക്ഷാ ക്രമീകരണവും തങ്ങല്‍ക്ക് നല്‍കിയില്ലെന്നും സംസ്ഥാനത്തെ ജനങ്ങള്‍ ഭീതിയിലാണ് ജീവിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിനിടെ ഭവാനിപുര്‍ മണ്ഡലത്തില്‍ പ്രചാരണം നടത്തിയ അര്‍ജുന്‍ സിംഗിനെതിരെയും കൈയേറ്റ ശ്രമമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

'തിരഞ്ഞെടുപ്പ് കമ്മീഷന് എല്ലാം അറിയാം. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഞങ്ങള്‍ അവരോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഒരു സുരക്ഷാ ക്രമീകരണവും ചെയ്തിട്ടില്ല. ഞങ്ങള്‍ക്ക് വോട്ടര്‍മാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ വോട്ടെടുപ്പ് നടത്തുന്നതില്‍ തന്നെ അര്‍ത്ഥമില്ല. ആളുകള്‍ ഭയത്തിലാണ് ഇവിടെ ജീവിക്കുന്നത്,' ഘോഷ് പറഞ്ഞു.

ഭവാനിപുരിലെ അഭിമാനപ്പോരാട്ടം

ഈ വര്‍ഷം ഏപ്രില്‍-മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തന്റെ കോട്ടയായ ഭവാനിപുരില്‍ നിന്നും മാറി നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കാനെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഗംഭീര വിജയം നേടിയിരുന്നു. എന്നാല്‍ അവരുടെ മുന്‍ മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഇപ്പോള്‍ ബിജെപി നേതാവുമായ സുവേന്ദു അധികാരിയക്കെതിരെ തോല്‍വിയായിരുന്നു നന്ദിഗ്രാം മമതയ്ക്കായി കരുതിവെച്ചിരുന്നത്. സുവേന്ദുവിന്റെ തട്ടകത്തില്‍ മികച്ച മത്സരം കാഴ്ചവെച്ച മമത 1956 വോട്ടുകള്‍ക്കാണ് തോറ്റത്.

തോല്‍വി നേരിട്ടെങ്കിലും മമത തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥനത്തേക്ക് എത്തുകയായിരുന്നു. ഒരു സംസ്ഥാന നിയമസഭയിലോ പാര്‍ലമെന്റിലോ അംഗമല്ലാത്ത ഒരാള്‍ക്ക് ആറുമാസം മാത്രം തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടരാന്‍ ഭരണഘടന അനുവദിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ തന്നെ തുടരാന്‍ തൃണമൂല്‍ മമതയ്ക്ക് ഇപ്പോള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത് അഭിമാനപ്രശ്‌നമാണ്.

Mamata Banarjee

പ്രിയങ്ക തിബ്രേവാളിനെയാണ് മമതയ്ക്ക് എതിരാളിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മികച്ച മത്സരം കാഴ്ചവെക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. മമതയെ പരാജയപ്പെടുത്തി മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് താഴെയിറക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി മികച്ച പ്രചാരണമാണ് അവര്‍ മണ്ഡലത്തില്‍ നടത്തുന്നത്. ബിജെപിക്കെതിരേ മത്സരിക്കുന്ന മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

image

2011ലും 2016ലുമായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട ബാനര്‍ജിയുടെ പഴയ കോട്ടയായ ഭബാനിപൂര്‍ മണ്ഡലത്തിലേക്ക് 'ദീദി' തിരികെ വരുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല. സെപ്റ്റംബര്‍ 30നാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ 3നാണ് ഫലം പ്രഖ്യാപിക്കുക.

മമത ബാനര്‍ജി മത്സരിക്കുന്ന മണ്ഡലത്തില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്നാവഷ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കിയിട്ടുണ്ട്. 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭവാനിപുരില്‍ ഇന്ന് പരസ്യപ്രചാരണം അവസാനിച്ചു.

Content Highlights: BJP national vice president Dilip Ghosh attacked in bhavanipur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented