സി.ടി. രവി | ഫയൽചിത്രം | ഫോട്ടോ: പി.ടി.ഐ.
ബെംഗളൂരു: ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ സി.ടി. രവിക്ക് ചിക്കമംഗളൂരുവില്‍ ദയനീയ തോല്‍വി. 2004 മുതല്‍ ചിക്കമംഗളൂരു എം.എല്‍.എ.യായിരുന്ന സി.ടി. രവിക്ക് 19 വര്‍ഷത്തിന് ശേഷമാണ് മണ്ഡലം കൈവിട്ടത്. മുന്‍ ബി.ജെ.പി. നേതാവായ എച്ച്.ഡി. തമയ്യയാണ് ബി.ജെ.പി. ദേശീയ നേതാവിനെതിരേ അട്ടിമറി ജയം നേടിയത്. സി.ടി. രവിയുടെ അടുത്ത അനുയായി കൂടിയായിരുന്ന തമ്മയ്യ, കോണ്‍ഗ്രസ് ടിക്കറ്റില്‍ ചിക്കമംഗളൂരുവില്‍നിന്ന് ജനവിധി തേടുകയായിരുന്നു.
19 വര്‍ഷം കൈവശംവെച്ച മണ്ഡലം പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.ടി.രവിയ്ക്ക് നഷ്ടമായത്. ബി.ജെ.പി. കോട്ടയായ ചിക്കമംഗളൂരുവില്‍ ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ട തമ്മയ്യയെ രംഗത്തിറക്കി കനത്ത മത്സരമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ഒടുവില്‍ ഫലംപുറത്തുവന്നപ്പോള്‍ വിജയവും കോണ്‍ഗ്രസിനൊപ്പമായിരുന്നു.
ദേശീയതലത്തില്‍ നിര്‍ണായക സ്വാധീനമുള്ള കര്‍ണാടകയില്‍നിന്നുള്ള ബി.ജെ.പി. നേതാവാണ് സി.ടി. രവി. ദേശീയ സെക്രട്ടറിയുടെ തോല്‍വി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും ഞെട്ടിച്ചിട്ടുണ്ട്.
നേരത്തെ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന മണ്ഡലമായിരുന്നു ചിക്കമംഗളൂരു. 1978-ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിച്ചതോടെ ചിക്കമംഗളൂരു ദേശീയരാഷ്ട്രീയത്തിലും ശ്രദ്ധനേടി. 1989 മുതല്‍ കോണ്‍ഗ്രസ് നേതാവായ സഗീര്‍ അഹമ്മദായിരുന്നു ചിക്കമംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 1999 വരെ കോണ്‍ഗ്രസിനൊപ്പംനിന്ന മണ്ഡലം പിന്നീട് സി.ടി.രവിയിലൂടെ ബി.ജെ.പി. പിടിച്ചെടുക്കുകയായിരുന്നു. 2004 മുതല്‍ 2018 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ സി.ടി. രവി വിജയിച്ചു. എന്നാല്‍ 19 വര്‍ഷത്തിന് ശേഷം ബി.ജെ.പി. ദേശീയനേതാവിന് സ്വന്തം മണ്ഡലത്തില്‍ അടിപതറുകയായിരുന്നു.
Content Highlights: bjp national secretary ct ravi lost in chikmagaluru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..