നരേന്ദ്ര മോദി | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കേ ബി.ജെ.പി. യോഗത്തില്‍ നേതാക്കള്‍ക്കും അണികള്‍ക്കും നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് ബി.ജെ.പി. നേതാക്കളോട് മോദി ആവശ്യപ്പെട്ടു. ഡല്‍ഹി എന്‍.ഡി.എം.സി. കണ്വന്ഷന് സെന്ററില്‍ നടന്ന ബി.ജെ.പി. ദേശീയ നിർവാഹക സമിതി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
ബൊഹ്റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കള്‍ എത്തിച്ചേരണമെന്ന് യോഗത്തില്‍ മോദി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ വേണം സമീപിക്കാനെന്നും മോദി നിര്‍ദേശിച്ചു. കേന്ദ്ര മന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 350 മുതിര്‍ന്ന നേതാക്കളോടായിരുന്നു മോദിയുടെ അഭ്യര്‍ഥന.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചാണ് നിർവാഹക സമിതി യോഗത്തിന്റെ ആദ്യ ദിവസം പ്രധാനമായും ചർച്ച നടന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവെച്ചുള്ള ഒന്‍പതിന പ്രമേയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പ്രചാരണത്തിന് മോദി വന്നാല്‍ ബിജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടി ജയിക്കണമെങ്കില്‍ പ്രവര്‍ത്തകര്‍ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാല്‍ ജയിക്കുമെന്ന മാനസികനിലയോടെ പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
18-നും 25-നുമിടയില്‍ പ്രായമുള്ള യുവാക്കളില്‍ ബി.ജെ.പി.യെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും മോദി നിർദേശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന് അവര്‍ സാക്ഷികളായിട്ടില്ല. മുന്‍ സര്‍ക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ അവര്‍ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പി.യുടെ സദ്ഭരണത്തെക്കുറിച്ചുള്ള അവബോധം അവരില്‍ സൃഷ്ടിക്കണമെന്നും മോദി പറഞ്ഞു.
Content Highlights: bjp national executive meeting, modi speech
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..