ന്യൂഡല്‍ഹി: സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പാർലമെന്റ് പരിസരം വൃത്തിയാക്കിയ കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി എം.പി. ഹേമമാലിനിക്കുമെതിരെ പരിഹാസവുമായി സാമൂഹ്യ മാധ്യമങ്ങൾ.  

വൃത്തിയും വെടിപ്പുമുള്ള പാര്‍ലമെന്റ് മന്ദിരത്തിന് മുന്‍ഭാഗം അടിച്ചുവാരുന്നതിന് പകരം വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങളാണ് അടിച്ചുവാരേണ്ടതെന്നാണ് ഇവര്‍ക്കെതിരേ ഉയരുന്ന വിമര്‍ശനം.

നീളമുള്ള ചൂല് ഉപയോഗിച്ച് പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് വീണുകിടക്കുന്ന ഉണങ്ങിയ ഇലകള്‍ അടിച്ചുവാരുകയാണ് ചെയ്തത്. ചുറ്റും സുരക്ഷാജീവനക്കാരും മാധ്യമപ്രവര്‍ത്തകരും നില്‍ക്കുന്നുണ്ട്. ഇതോടെ അടിച്ചുവാരല്‍ വെറും പ്രഹസനമാണെന്നും ഫോട്ടോ എടുക്കുന്നതിന് വേണ്ടിമാത്രമാണ് ഇവരുടെ അടിച്ചുവാരൽ എന്നുമാണ് വിമർശനം.

പാർലമെന്റ് പരിസരം എല്ലായ്പ്പോഴും വൃത്തിയായി സൂക്ഷിക്കാറുണ്ടെന്നും മന്ത്രിക്കും എംപിക്കും വൃത്തിയാക്കുന്നതിനായി ഇലകൾ കൊണ്ടിട്ടതാണെന്നും ചിലർ വിമർശിക്കുന്നുണ്ട്. 

 

 

 

Content Highlights: BJP MP Hema Malini and Anurag Thakur Cleaning Parliament premises on Swachh Bharat Abhiyan. Some questioned the clearing a cleaned premise