രാഹുൽ ഗാന്ധി ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: എഎൻഐ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്‌ക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി ബി.ജെ.പി. ഭാരത് ജോഡോ യാത്രവഴി സാമൂഹിക വിരുദ്ധരായ എല്ലാവരെയും ഒന്നിച്ച് ഒരു പാളയത്തില്‍ കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.
ബി.ജെ.പി. നേതാക്കള്‍ സഹിച്ച ത്യാഗം കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞത്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബീഫ് പാര്‍ട്ടി നടത്തിയെന്നും സുധാംശു വിമര്‍ശിച്ചു. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് സുധാംശുവിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പരാമര്‍ശം.
രാഷ്ട്രീയ പ്രേരിതവും വിദ്വേഷവാദികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതുമായിരുന്നു യാത്ര. രാജ്യത്തെയും സമൂഹത്തെയും വിഭജിച്ച പാര്‍ട്ടിയിപ്പോള്‍ അവരെ ഒന്നിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ്. യാത്രയ്ക്കിടെ കേരളത്തിലെ റോഡുകളില്‍വെച്ച് കോണ്‍ഗ്രസ് നേതൃത്വം ബീഫ് പാര്‍ട്ടി നടത്തി. യാത്രയില്‍ പങ്കെടുത്ത കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തുക്ക്‌ടെ തുക്ക്‌ടെ ഗ്യാങ്ങില്‍പ്പെട്ടവരാണ്. ഇത്തരം ആള്‍ക്കാരെ കൂടെക്കൂട്ടി എന്തുതരം സ്‌നേഹപ്രചാരണമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് സുധാംശു ചോദിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോദിയോട് നന്ദി പറയാന്‍ രാഹുല്‍ മറന്നെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറും വിമര്‍ശനമുന്നയിച്ചു. 2014-ന് ശേഷമാണ് കശ്മീരിലെ സ്ഥിതിഗതികള്‍ അപ്പാടെ മാറിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: bjp mp sudhanshu trivedi against bharat jodo yatra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..