ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരനെന്ന് പറയാതെ പറഞ്ഞ് ബി ജെ പി എം പിയും മുന്‍ ബോളിവുഡ് താരവുമായ ശത്രുഘ്‌നനന്‍ സിന്‍ഹ. ന്യൂഡല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിനിടെ ആയിരുന്നു സിന്‍ഹയുടെ പരാമര്‍ശം.

"വക്കീല്‍ ബാബുവിന് സാമ്പത്തികമേഖലയെ കുറിച്ച് സംസാരിക്കാമെങ്കില്‍ ടി വി അഭിനേത്രിക്ക് രാജ്യത്തിന്റെ മാനവ വിഭവ ശേഷി വകുപ്പുമന്ത്രിയാകാമെങ്കില്‍ ചായക്കച്ചവടക്കാരന്....കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് സാമ്പത്തികമേഖലയെ കുറിച്ച് സംസാരിക്കാന്‍ പറ്റാത്തത്"- ഇങ്ങനെയായിരുന്നു സിന്‍ഹയുടെ വാക്കുകള്‍.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മാനവ വിഭവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെയാണ് സിന്‍ഹ മേല്‍ പറഞ്ഞ പരാമര്‍ശത്തിലൂടെ സിന്‍ഹ സൂചിപ്പിച്ചത്. രാം മനോഹര്‍ ലോഹ്യ അവതരിപ്പിച്ച ആരോഗ്യകരമായ രാഷ്ട്രീയത്തോടാണ് തനിക്ക് താത്പര്യം. ജീവിക്കുകയുമില്ല ജീവിക്കാന്‍ അനുവദിക്കുകയുമില്ല എന്ന മുദ്രാവാക്യവുമായല്ല താന്‍ രാഷ്ട്രീയത്തിലെത്തിയത്- അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഓണ്‍ലൈന്‍ മാസികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായക്കച്ചവടക്കാരനെന്ന് വിശേിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിക്കും മുമ്പെയാണ് ബി ജെ പി നേതാവായ സിന്‍ഹയുടെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.

എന്നെ മന്ത്രിയാക്കാത്തതു കൊണ്ടാണ് ഞാന്‍ സര്‍ക്കാരിനെതിരെ സംസാരിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ മന്ത്രിയാകാന്‍ യാതൊരു ആഗ്രഹവുമില്ല. നിലവില്‍ മന്ത്രിസ്ഥാനത്തുള്ളവര്‍ക്ക് യാതൊരു നിലപാടുമില്ല. സ്വന്തം പദവി സംരക്ഷിക്കാന്‍ നേതാവിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ്  അവരെല്ലാവരും- സിന്‍ഹ പറഞ്ഞു.

രാജ്യത്ത് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഗോരക്ഷകര്‍ മനുഷ്യരെ കൊല്ലുന്നു. ബുദ്ധിജീവികളും എഴുത്തുകാരും പത്രപ്രവര്‍ത്തകരും ജഡ്ജിമാരും കൊല്ലപ്പെടുന്നു. ഇന്ന് ജനാധിപത്യത്തിനും മുകളിലാണ് പണത്തിന്റെ ശക്തി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് നോട്ട് നിരോധനം മൂലം ജോലി നഷ്ടമായത്. ഫാക്ടറികള്‍ പലതും പൂട്ടി. ചെറുകിട വ്യാപാരികള്‍ക്കും വഴിവാണിഭക്കാര്‍ക്കും ജോലി നഷ്ടമായി. യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിച്ചില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ പിന്നെ ഞാന്‍ എന്താണ് ചെയ്യുന്നത്- സിന്‍ഹ ചോദിച്ചു.

content highlights: sathrughnan sinha, narendra modi