ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ബിജെപി എംപി മനോജ് തിവാരിക്ക് പരിക്കേറ്റു. ഛത് പൂജാ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധിക്കുന്നതിനിടെയാണ് മനോജ് തിവാരിക്ക് പരിക്കേറ്റത്. 

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെവീണ് മനോജ് തിവാരിക്ക് പരിക്കേല്‍ക്കുകയായിരുന്നു. അദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ഛത് പൂജാ ആഘോഷങ്ങള്‍ക്കും കൂട്ടംചേരിലിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ബിഹാര്‍, ഉത്തര്‍പ്രദേശ്,ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഛത് ആഘോഷങ്ങള്‍ നടക്കുന്നത്. പൂജയുടെ ഭാഗമായി ഭക്തര്‍ വെള്ളത്തില്‍ മുങ്ങിനിന്ന് സൂര്യനെ പ്രാര്‍ഥിക്കുന്ന ചടങ്ങുകള്‍ നടക്കും. ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന സാധ്യതയെ തുടര്‍ന്നാണ് ഛത് പൂജയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. 

എന്നാല്‍ ഇതിനെതിരേ ബിജെപി രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷങ്ങള്‍ നടത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. പ്രത്യേക സമുദായത്തിലുള്ള ഭക്തരുടെ വികാരം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ഛത് പൂജാ ആഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. 

Content Highlights: BJP MP Manoj Tiwari Injured In Protest