ന്യൂഡല്‍ഹി : കോവിഡ് അണുബാധയ്ക്ക് കുത്തിവെപ്പെടുത്ത ഇന്ത്യയിലെ ആദ്യത്തെ എംപിമാരില്‍ ഒരാളായി ബി.ജെ.പി നേതാവ് മഹേഷ് ശര്‍മ. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിന്നുള്ള എം.പിയും മുന്‍ കേന്ദ്രമന്ത്രിയും കൂടിയായ ഇദ്ദേഹം ശനിയാഴ്ചയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത്.
ഡോക്ടര്‍ കൂടിയായ ശര്‍മ്മ രാവിലെ 11 മണിയോടെ നോയിഡ സെക്ടര്‍ 27 ലെ ആശുപത്രിയില്‍ നിന്നാണ് കുത്തിവെപ്പെടുത്തത്. 61കാരനായ മുന്‍ കേന്ദ്രമന്ത്രിയെ കുത്തിവെപ്പിന് ശേഷം 30 മിനിറ്റ് ആശുപത്രിയില്‍ നിരീക്ഷിച്ചു.
"പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമിട്ടതോടെയാണ് കോവിഡിന്റെ അവസാനനാളുകള്‍ക്ക് തുടക്കമാകുന്നത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ തനിക്കും കൊറോണ വൈറസിനെതിരേയുള്ള വാക്‌സിനേഷന്‍ ലഭിച്ചു. എനിക്ക് യാതൊരു വിധ കുഴപ്പവുമില്ല. വാക്‌സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്. നിങ്ങളും വാക്‌സിനേഷന്‍ എടുക്കണം,'' ഡോ. ശര്‍മ്മ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ കട്വയിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ രബീന്ദ്രനാഥ് ചാറ്റര്‍ജിയും വാക്‌സിന്‍ കുത്തിവെപ്പെടുത്തു. രോഗികളുടെ ക്ഷേമ സമിതിയുടെ ഭാഗമായാണ് വാക്‌സിനേഷന്‍ നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
content highlights: BJP MP and Trinamool MLA Among First Politicians who get vaccinated