ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി രംഗത്ത്. രാഹുലിന്റെ പരാമര്‍ശം ചിരിയുണര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് ഇന്ന് ചെയ്യുന്നതുപോലെ ഭരണഘടനാ സ്ഥാപനങ്ങളെ അടിയന്തരാവസ്ഥക്കാലത്ത് ദുര്‍ബലപ്പെടുത്തിയിരുന്നില്ല എന്നാണ് രാഹുല്‍ പറയുന്നത്. ആര്‍എസ്എസ്സിനെ മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതാവിന് ദീര്‍ഘകാലം വേണ്ടിവരും. രാജ്യസ്‌നേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പാഠശാലയാണ് ആര്‍എസ്എസ് എന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.

കോര്‍ണല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവെയാണ് രാഹുല്‍ അടിയന്തരാവസ്ഥ സംബന്ധിച്ച പരാമര്‍ശം നടത്തിയത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും തന്റെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്.

അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് മുത്തശ്ശി മനസിലാക്കിയിരുന്നുവെന്നും അക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു.

Content Highlights: BJP mocks Rahul after he says emergency was a mistake