ബെംഗളൂരു : മന്ത്രിസഭയിലുള്‍പ്പെടുത്തേണ്ട പുതിയ ഏഴ് എംഎല്‍എമാരുടെ പട്ടിക രാജ്ഭവനിലേക്കയച്ച് കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, കര്‍ണാടക ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരെ ഈ ആഴ്ച ദില്ലിയില്‍ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഇത്തരമൊരു നീക്കം. എന്നാൽ കടുത്ത എതിർപ്പാണ് ബിജെപി എംഎൽഎമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. പലരും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമായി പരസ്യമായി തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുഖ്യമന്ത്രി അയച്ച പട്ടികയില്‍ ബില്‍ഗി എംഎല്‍എ മുരുകേഷ് നിരാനി, ഹുക്കേരി എംഎല്‍എ ഉമേഷ് കാട്ടി, സുള്ളിയ എംഎല്‍എ എസ് അങ്കാര, ചന്നപട്ടണ എംഎല്‍എ സിപി യോഗേശ്വര്‍,മഹാദേവപുര എംഎല്‍എ അരവിന്ദ് ലിംബാവലി, എംഎല്‍സി എംടിബി നാഗരാജ്, റാണെബെനൂര്‍ എംഎല്‍എ ആര്‍ ശങ്കര്‍ എന്നിവരുടെ പേരുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മന്ത്രിസഭാ വിപുലീകരണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പേരുകളെ നിരവധി നിയമസഭാംഗങ്ങള്‍ പരസ്യമായി എതിര്‍ത്തിരിക്കുകയാണ്.
'യോഗേശ്വര്‍ ഒരു തട്ടിപ്പുകാരനാണ്. അദ്ദേഹത്തിനെതിരേ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. റിയല്‍ എസ്റ്റേറ്റില്‍ പലരെയും വഞ്ചിച്ച അദ്ദേഹം ഇന്ന് ഒരു മന്ത്രിയാണ്. ഞങ്ങള്‍ എംഎല്‍എമാര്‍ രാജിവച്ചപ്പോള്‍ അദ്ദേഹമാണ് ഞങ്ങളുടെ ബാഗുകള്‍ ചുമന്നിരുന്നത്. ആ ആള്‍ ഇന്നൊരു മന്ത്രിയാണ് ', കര്‍ണാടക എംഎല്‍സി വിശ്വനാഥ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
''മൈസൂര്‍ യൂത്ത് പ്രസിഡന്റായായാണ് ഞാനെന്റെ പ്രയാണം ആരംഭിച്ചത്. രണ്ടുതവണ സംസ്ഥാന യൂത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി വിശ്വസ്തതയോടെയാണ് കഴിഞ്ഞ 28 വര്‍ഷമായി ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എന്റെ മേഖലയിലെ 11 എംഎല്‍എമാരില്‍ 10 പേര്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോയി. പാര്‍ട്ടി എന്റെ അമ്മയാണ്, ഞാന്‍ ഒരു സ്വയംസേവകനാണ്. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മന്ത്രിയാകുന്നത് എന്റെ നയമല്ല. മൈസൂര്‍ മേഖലയോടാകെയുള്ള അനീതിയാണിത്, മന്ത്രിസഭാ വിപുലീകരണ പട്ടികയോടുള്ള എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് മൈസൂരിലെ എംഎല്‍എ രാമദോസ് ട്വീറ്റ് ചെയ്തു.
മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച പേരുകള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് സുനില്‍ കുമാര്‍ കര്‍ക്കലയും അംഗീകരിച്ചിട്ടില്ല. "പാര്‍ട്ടിയോടുള്ള വിശ്വസ്തത, ഹിന്ദുത്വം, നിയോജക മണ്ഡലത്തിലെ വികസനം എന്നിവയാണ് എന്റെ അജണ്ട. ജാതി രാഷ്ട്രീയം ഞാന്‍ ഒരിക്കലും കളിച്ചിട്ടില്ല. രാഷ്ട്രീയാര്‍ഭാടമോ ബ്ലാക്ക്‌മെയില്‍ ചെയ്ത് സ്ഥാനങ്ങള്‍ നേടിയെടുക്കലോ എന്റെ രീതിയല്ല. ഭാവിയിലും ഇത് ചെയ്യില്ല, ''കര്‍ക്കല ബുധനാഴ്ച ട്വീറ്റില്‍ പറഞ്ഞു.
''പാര്‍ട്ടിയോട് വിശ്വസ്തതയും കൂറും പുലര്‍ത്തുന്നവര്‍ക്ക് സ്ഥാനമില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും വിശ്വസ്തതയും ബലഹീനതയല്ലെന്നും ബെല്‍ഗാം എംഎല്‍എ അഭയ് പാട്ടീല്‍ ട്വീറ്റ് ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രേണുകാചാര്യയും മന്ത്രിസഭാ വിപുലീകരണ പട്ടിക അംഗീകരിച്ചില്ല. 'എന്താണ് ചെയ്യേണ്ടതെന്ന് ശരിയായ സമയത്ത് ഞാന്‍ തീരുമാനിക്കും". വിപുലീകരണം ഏതാനും ജില്ലകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ തന്റെ വിശ്വസ്തരെ മാത്രം പാര്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് ചില് എംഎല്‍എമാര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് കത്തെഴുതാന്‍ ഒരുങ്ങുകയാണ്. ബുധനാഴ്ച മന്ത്രിസഭാ വിപുലീകരണത്തിന് നിര്‍ദ്ദേശിച്ച പേരുകളില്‍ ഒട്ടനേകം എംഎല്‍എമാരാണ് നിരാശ പ്രകടിപ്പിച്ചത്.. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 16 ന് ബെംഗളൂരു സന്ദര്‍ശിക്കുമെന്നാണറിയുന്നത്.
content highlights: BJP MLAs disapprove of CM Yediyurappa's cabinet expansion