പ്രചരിച്ച വീഡിയോയിൽ നിന്ന്. photo: ManjotPB/twitter
ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പൊതുവേദിയില്‍വെച്ച് കര്‍ഷകന്‍ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത. കര്‍ഷകന്‍ തന്റെ മുഖത്തടിച്ചുവെന്ന തരത്തില്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന വീഡിയോ തെറ്റാണെന്നാണ് എംഎല്‍എ അവകാശപ്പെട്ടു. വീഡിയോയില്‍ കാണുന്ന കര്‍ഷകന്‍ തന്റെ ചാച്ചയാണെന്നും പതിവായി ചെയ്യുന്നതുപോലെ അദ്ദഹം തന്റെ കവിളില്‍ തലോടുകയാണ് ചെയ്തതെന്നും പങ്കജ് ഗുപ്ത വ്യക്തമാക്കി.
എംഎല്‍എയെ തല്ലിയെന്ന് പറയപ്പെടുന്ന കര്‍ഷകനായ ഛത്രപാലിനെ അടുത്തിരുത്തി പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തിയാണ് പങ്കജ് ഗുപ്ത കാര്യങ്ങള്‍ വിശദീകരിച്ചത്. പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായി സംഭവം വളച്ചൊടിച്ച് തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും തിരഞ്ഞെടുപ്പില്‍ മറ്റുകാര്യങ്ങളൊന്നും ഉയര്‍ത്തികാണിക്കാനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷം ഇത്തരം ഗിമ്മിക്കുകളുമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുമായി തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് ഛത്രപാലും പറഞ്ഞു. എംഎല്‍എ വേദിയില്‍ ശാന്തനായി ഇരിക്കുന്നത് കണ്ടപ്പോള്‍ മുതിര്‍ന്നയാള്‍ എന്ന നിലയില്‍ എംഎല്‍എയുടെ കവിളില്‍ സ്‌നേഹത്തോടെ തട്ടിയതാണെന്നും ഛത്രപാല്‍ വിശദീകരിച്ചു.
ഉന്നാവില്‍ വെള്ളിയാഴ്ച നടന്ന പരിപാടിക്കിടെയാണ് കര്‍ഷകനായ ഛത്രപാള്‍ വേദിയിലേക്ക് കയറി എംഎല്‍എയുടെ മുഖത്തടിച്ചത്. സമീപമുള്ള പോലീസുകാരും മറ്റുപ്രവര്‍ത്തകരും ചേര്‍ന്നാണ് കര്‍ഷകനെ വേദിയില്‍നിന്ന് പിടിച്ചുമാറ്റിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇതിന്റെ വീഡിയോ വൈറലാവുകയും എംഎല്‍എക്കെതിരേ വലിയ പരിഹാസം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പങ്കജ് ഗുപ്ത വിശദീകരണവുമായി രംഗത്തെത്തിയത്.
കേവലം ഒരു ബിജെപി എംഎല്‍എയുടെ മുഖത്തേറ്റ അടി മാത്രമല്ല ഇതെന്നും യോഗി ആതിദ്യനാഥ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയുള്ള ജനത്തിന്റെ പ്രതിഷേധമാണിതെന്നും സമാജ്‌വാദ് പാര്‍ട്ടി ആരോപിച്ചിരുന്നു.
content highlights: BJP MLA slapped by elderly farmer on stage, says it was chachas pat on cheek
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..