ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും രാജ്യസ്നേഹമില്ലെന്ന് ബിജെപി എംഎല്‍എയുടെ ആരോപണം.  ദേശ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയില്‍ വെച്ച് വിവാഹം നടത്തുമായിരുന്നെന്നാണ് വിമര്‍ശനം.
 
താരദമ്പതികളായ വീരാട് കോലിയുടെയും അനുഷ്‌ക ശര്‍മയുടെയും വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതിനെയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ഷാകിയ വിമര്‍ശിച്ചത്. 

കോലി പണവും പദവിയും നേടിയത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍, വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തി കോടിക്കണക്കിന് രൂപ മറ്റ് രാജ്യത്തിന് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാമന്റേയും കൃഷ്ണന്റേയും വിക്രമാദിത്യന്റേയും യുധിഷ്ഠിരന്റേയും വിവാഹത്തിന് സാക്ഷ്യം വഹിച്ച രാജ്യമാണിത്. എന്നാല്‍, കോലിക്ക് മാത്രം വിവാഹം കഴിക്കാന്‍ ഒരു പുറം രാജ്യത്തെ ആശ്രയിക്കേണ്ടി വന്നു.- അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 11-നാണ് ഇറ്റലിയിലെ ടസ്‌കാനിയില്‍ വെച്ച് കോലിയും അനുഷ്‌കയും വിവാഹിതരായത്. വ്യാഴാഴ്ച ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കുമായി പാര്‍ട്ടി വിരുന്ന് സല്‍ക്കാരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.