ഹൈദരാബാദ് : ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് തെലങ്കാന എം.എല്‍.എയും ബി.ജെ.പി നേതാവുമായി താക്കൂര്‍ രാജ സിങ് ലോധ പുറത്തിറക്കിയ ദേശഭക്തി ഗാനം പാകിസ്താന്‍ സൈന്യത്തിന്റെ പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം. പാക് സൈന്യം തന്നെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 

ഹൈദരാബാദിലെ ഗോഷമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍എയാണ് രാജ സിങ്. ശനിയാഴ്ചയാണ് അദ്ദേഹം ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന തന്റെ ദേശഭക്തി ഗാനത്തിന്റെ ഏതാനം വരികള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇത് പുതിയ പാട്ടാണെന്നും രാം നവമിക്ക് ആല്‍ബം പുറത്തിറക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. 

എന്നാല്‍ ട്വീറ്റ് പുറത്തുവന്ന ഉടന്‍ ഇത് മാര്‍ച്ച് 23 ന് പാകിസ്താന്‍ ദേശീയ ദിനത്തിന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗം പുറത്തിറക്കിയ പാട്ടിന്റെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രംഗത്തെത്തി. 

എന്നാൽ താന്‍ ആരുടേയും പാട്ട് കോപ്പിയടിച്ചിട്ടില്ലെന്നും ഒരു ഭീകരരാഷ്ട്രത്തില്‍ പാട്ടുകാരുണ്ട് എന്ന് കേട്ട് താന്‍ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു. അങ്ങനെയാണെങ്കില്‍ പാകിസ്താനി ഗായകന്‍ തന്റെ പാട്ട് കോപ്പിയടിച്ചതായിരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

content highlights: BJP MLA releases patriotic song on Ram Navami, Pakistan Army claims he copied it from them