ന്യൂഡല്‍ഹി: കഠുവ പ്രതികളെ പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത ബിജെപി എംഎല്‍എയെ ഉള്‍പ്പെടുത്തി ജമ്മു കശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത് വിവാദമായി. റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചൊഴിയാന്‍ നിര്‍ബന്ധിതരായതിന് പിന്നാലെയാണ് നടപടി.

കുറ്റാരോപിതരായ ചിലരെ ഒഴിവാക്കി മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു എന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ചാണ് ബിജെപി എംഎല്‍എയായ രാജീവ് ജസ്രോതിയയെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭാ പുനഃസംഘടന നടന്നത്. കഠുവയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതികളെ പിന്തുണച്ച് ചിലര്‍ നടത്തിയ റാലിയില്‍ പങ്കെടുത്ത വ്യക്തിയാണ് സ്ഥലത്തെ എം.എല്‍.എ കൂടിയായ ജസ്രോതിയ. ജനരോഷം ശക്തമായതോടെ അദ്ദേഹം ഒളിവില്‍ പോയിരുന്നു.

റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപിയില്‍ നിന്നുള്ള മന്ത്രിമാരായ ചൗധരി ലാല്‍ സിങ്ങിനും ചന്ദര്‍ പ്രകാശ് ഗംഗയ്ക്കും സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 17ന് പാര്‍ട്ടിയുടെ മറ്റുമന്ത്രിമാരും രാജി പ്രഖ്യാപിച്ചു. മെഹ്ബൂബ മുഫ്തി നേതൃത്വം നല്‍കുന്ന ബിജെപി - പിഡിപി മന്ത്രിസഭയിലേക്ക് രണ്ട് പിഡിപി അംഗങ്ങളടക്കം എട്ട് പേരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്.

content highlights: BJP MLA, Pro-Rapist Rally , Kathua, Made Minister J&K Cabinet Reshuffle