ന്യൂഡല്‍ഹി : സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്റെ കോവിഡ് ബാധയേറ്റുള്ള മരണത്തില്‍ അനുചിത ട്വീറ്റുമായി മുൻ ബിജെപി എംഎല്‍എ രംഗത്ത്. യെച്ചൂരിയുടെ മകന്റെ മരണം അറിയിച്ചുകൊണ്ടുള്ള ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരിയുടെ ട്വീറ്റാണ് വിവാദമായത്.

"ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ച മരിച്ചു" എന്ന തീര്‍ത്തും അപലപനീയമായ ട്വീറ്റ് ആണ് ബിജെപി എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായത്. 

thiwari tweet

2015 ല്‍ ബിഹാറിലെ ബൈകുന്ത്പുര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് മിഥിലേഷ് കുമാര്‍ തിവാരി.

യെച്ചൂരിയുടെ മൂത്ത മകനായ ആശിഷ് മാധ്യമപ്രവര്‍ത്തകനാണ്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെകോവിഡ് ബാധയെത്തുടർന്നായിരുന്നു അന്ത്യം. 

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബോളിവുഡ് നടി സ്വരഭാസ്‌കര്‍ തുടങ്ങിയ നിരവധി പേരാണ് ബിജെപി നേതാവിന്റെ ട്വീറ്റിനെതിരേ രംഗത്തെത്തിയത്. വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ട്വീറ്റ് അദ്ദേഹം പിന്നീട് പിന്‍വലിച്ചു.

"ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ. പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തിൽ സഞ്ചരിക്കാൻ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂ" എന്നായിരുന്നു ഒമറിന്റെ പ്രതികരണം.

നിരവധി പേരാണ് ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്തത്.