ബെംഗളൂരു: രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണം താലിബാനാണ് എന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ. അഫ്ഗാനിസ്താൻ താലിബാന്റെ പിടിയിലായതോടെയാണ് രാജ്യത്തെ പെട്രോൾ, ഡീസൽ, പാചക വാതക വില വർധിച്ചതെന്നാണ് കർണാടകയിലെ ഹുബ്ലി - ദർവാഡിലെ ബിജെപി എംഎൽഎ അരവിന്ദ് ബെലാഡ്‌ പറഞ്ഞത്.

അഫ്ഗാനിസ്താനില്‍  താലിബാൻ പ്രതിസന്ധി സൃഷ്ടിച്ച് തുടങ്ങിയതോടെ ലോകരാജ്യങ്ങൾ ഇന്ധന വിതരണത്തിൽ പ്രതിസന്ധി നേരിട്ടു തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഇന്ധന വില വർധനവും ഇതിന്റെ ഭാഗമാണ്. ബെലാഡ്‌ പറഞ്ഞു.

നിലവിൽ പല സംസ്ഥാനങ്ങളിലും പെട്രോൾ വില നൂറ് രൂപ കടന്നിട്ടുണ്ട്. ഡൽഹിയിൽ 101.34 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസലിന് 88.77 രൂപയും. മുംബൈയിൽ 107.39 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ വിലയും ഏകദേശം നൂറിനോടടുത്ത് തന്നെയാണ്. 96.33 രൂപയാണ് മുംബൈയിലെ ഡീസൽ വില.

പാചക വാതക വിലയിലും കുറവില്ലാതെ കുതിക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പാചക വാതക വില 25 രൂപ വർധിപ്പിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 50 രൂപയാണ്‌.

'ഞാന്‍ എന്ത് ചെയ്യാനാ, യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ടിന്റെ ബാധ്യത തിരിച്ചടയ്ക്കണം. പൈസ ഉണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയേനേ?' എന്നായിരുന്നു ഇന്ധന വില വർധനവിനെക്കുറിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്.

വര്‍ഷകാല സമ്മേളനത്തില്‍ നിരവധി പ്രതിപക്ഷ നേതാക്കൾ ഇന്ധന വില വർധനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രം ഇതിന് വഴങ്ങിയിരുന്നില്ല.

Content Highlight: BJP MLA blames Afghanistan crisis for fuel price hike