മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി. എം.എല്‍.എയെയും ഒപ്പം താമസിച്ചിരുന്ന യുവതിയെയും എം.എല്‍.എയുടെ ഭാര്യ പരസ്യമായി മര്‍ദിച്ചു. യാവത്മാല്‍ എം.എല്‍.എ രാജു തോഡ്‌സാമിനെയും സുഹൃത്ത് പ്രിയ ഷിന്‍ഡെയുമാണ് രാജു തോഡ്‌സാമിന്റെ ഭാര്യ അര്‍ച്ചന തോഡ്‌സാം പൊതുവേദിയില്‍ വെച്ച് പരസ്യമായി തല്ലിയത്. കഴിഞ്ഞദിവസം പന്ധര്‍ഖവ്ഡയില്‍ എം.എല്‍.എയുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. 

ബി.ജെ.പി. എം.എല്‍.എയായ രാജു തോഡ്‌സാമും ബി.ജെ.പി. പ്രവര്‍ത്തകയായ പ്രിയങ്ക ഷിന്‍ഡെയും നിലവില്‍ ഒരുമിച്ചാണ് താമസം. എന്നാല്‍ അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയായിരുന്നു എം.എല്‍.എ സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്. ഇതിനിടെയാണ് അര്‍ച്ചന തോഡ്‌സാം എം.എല്‍.എയുടെ ജന്മദിനാഘോഷവേദിയില്‍ പ്രതിഷേധവുമായെത്തിയത്. 

എം.എല്‍.എയുടെ ജന്മദിനത്തോട്  അനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം ജന്മദിനാഘോഷ പരിപാടിയും ഒരുക്കി. തുടര്‍ന്ന് കബഡി മത്സരത്തിനുശേഷം എം.എല്‍.എ കേക്ക് മുറിക്കുമ്പോളായിരുന്നു ഭാര്യയുടെ രംഗപ്രവേശം. 

ആഘോഷവേദിയിലേക്ക് ഓടിയെത്തിയ അര്‍ച്ചന തോഡ്‌സാം പ്രിയങ്ക ഷിന്‍ഡെയെയാണ് ആദ്യം കൈകാര്യം ചെയ്തത്. ചെരിപ്പൂരി പ്രിയങ്കയെ തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. ഇതിനിടെ പ്രിയങ്കയെ രക്ഷിക്കാനെത്തിയ എം.എല്‍.എയ്ക്കും ഭാര്യയുടെ മര്‍ദനമേറ്റു. സംഭവം എന്തെന്നറിയാതെ ആളുകള്‍ ഓടിക്കൂടിയതോടെ രംഗം കൂടുതല്‍ വഷളായി. പിന്നീട് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ ഇടപെട്ടാണ് അര്‍ച്ചനയെ പിന്തിരിപ്പിച്ചത്. സംഭവത്തിനുശേഷം സാരമായി പരിക്കേറ്റ പ്രിയങ്ക ഷിന്‍ഡെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അര്‍ച്ചന തോഡ്‌സാമുമായുള്ള ബന്ധത്തില്‍ രാജു തോഡ്‌സാമിന് രണ്ടു കുട്ടികളുണ്ട്. ഇവരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്താതെയാണ് എം.എല്‍.എ പ്രിയങ്ക ഷിന്‍ഡെയോടൊപ്പം താമസം തുടങ്ങിയത്. 

അതേസമയം എം.എല്‍.എയ്ക്കും പ്രിയങ്ക ഷിന്‍ഡെയ്ക്കും മര്‍ദനമേറ്റ സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ പ്രധാനമന്ത്രി ഫെബ്രുവരി 16-ന് പന്ധാര്‍ഖവ്ഡയില്‍ സന്ദര്‍ശനം നടത്താനിരിക്കെ ഇത്തരമൊരു സംഭവമുണ്ടായത് ബി.ജെ.പിക്കും നാണക്കേടായി. കഴിഞ്ഞദിവസത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജു തോഡ്‌സാമിനെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. 

Content Highlights: bjp mla and girl friend thrashed by his wife in maharashtra