അമരാവതി: ടിഡിപിയുടെ കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവെക്കാനിരിക്കെ ഒരു മുഴം മുന്നെ ആന്ധ്ര സര്‍ക്കാരില്‍ നിന്നും ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. കെ.ശ്രീനിവാസ റാവു, ടി.മാണിക്യാല റാവു എന്നിവരാണ് നായിഡു മന്ത്രിസഭയില്‍ നിന്ന്‌ രാജിവെച്ചത്.

ആന്ധ്രപ്രദേശിന് പ്രത്യേക പദവിയും പാക്കേജും എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജി സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഈ നടപടിക്ക് ബദലായാണ് ബിജെപി മന്ത്രിമാരുടെ രാജി.

കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ.എസ്. ചൗധരി എന്നിവരാണ് രാജി സന്നദ്ധത അറിയിച്ചിട്ടുള്ളത്. ലോക്‌സഭയില്‍ 16 എംപിമാരും രാജ്യസഭയില്‍ ആറ് എംപിമാരുമാണ് ടിഡിപിക്കുള്ളത്.

ആന്ധ്രയ്ക്ക് പ്രത്യേകപദവി നല്‍കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച ഡല്‍ഹിയില്‍ വിളിച്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിക്കാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചത്.

ആന്ധ്രപ്രദേശ് വിഭജനസമയത്ത് അംഗീകരിച്ച നിര്‍ദേശങ്ങളനുസരിച്ച് ആന്ധ്രയ്ക്ക് പ്രത്യേകപദവിയും സാമ്പത്തിക പാക്കേജും വേണമെന്നാവശ്യപ്പെട്ട് ടി.ഡി.പി. സമരരംഗത്താണ്. പാര്‍ലമെന്റില്‍ മൂന്നുദിവസമായി പാര്‍ട്ടിയുടെ എം.പി.മാര്‍ നടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധിക്കുകയാണ്. 

ബുധനാഴ്ച ഹൈദരാബാദില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ്. ചൗധരി എന്നിവരെ രാജിവെപ്പിക്കാനുള്ള പാര്‍ട്ടി നീക്കം അറിയിച്ചത്.

Content Highlights: Andrapradesh, BJP Ministers, Chandrababu naidu, Central ministers