മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയാല്‍പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാംതവണ അധികാരത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. 

മോദി ഇനി പ്രധാനമന്ത്രി കസേരയിലിരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള സീറ്റുകളൊന്നും ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ല. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയേക്കും. എന്നാല്‍ മറ്റുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല-വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പവാര്‍ പറഞ്ഞു.

അധികാരം പിടിക്കാന്‍ ബിജെപി മറ്റു പാര്‍ട്ടികളുടെ പിന്തുണ തേടിയാല്‍ അവര്‍ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിര്‍ദേശിക്കില്ല, മറ്റു പേരുകളാകും മുന്നോട്ട് വെക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ 48-ല്‍ 45 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന അമിത്ഷായുടെ അവകാശവാദത്തെ പവാര്‍ പരിഹസിച്ചു. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണ്. 48 സീറ്റുകളും തന്റെ പാര്‍ട്ടി ജയിക്കുമെന്ന് അദ്ദേഹം പറയണമെന്നും പവാര്‍ പറഞ്ഞു.

2014-ല്‍ 283 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്‍ഡിഎ മുന്നണിക്ക് 326 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് വിവിധ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Content Highlights:  BJP May Be Largest Party But Narendra Modi Won't Be PM: Sharad Pawar