ന്യൂഡല്‍ഹി: 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ രാജ്യത്ത് വീശിയടിച്ച മോദി തരംഗം ഏശുന്നില്ലേ. ഈ ചോദ്യം പ്രസക്തമാവുന്നത് ഈയിടെ നടന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ്. ഈ തിരഞ്ഞെടുപ്പില്‍ മോദി നേരിട്ട് പ്രചാരണം നടത്തിയ സ്ഥലങ്ങളുടെ പരിധിയില്‍ വരുന്ന 70% സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഇന്ത്യ സ്‌പെന്‍ഡ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് വിദഗ്ദ നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതാണ് ഈ കണക്കുകള്‍.

ഹിന്ദി ഹൃദയഭൂമിയിലെ ഏറ്റവും നിര്‍ണായകമായ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ഉള്‍പ്പടെയുള്ള ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 80 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന 30 സ്ഥലങ്ങളിലാണ് മോദി നേരിട്ട് പ്രചാരണത്തിനെത്തിയത്. ഇവിടങ്ങളില്‍ മിക്കവാറും ഇടങ്ങളില്‍ പടുകൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികളും നടന്നു. ഈ 80 മണ്ഡലങ്ങളില്‍ ഫലം വന്നപ്പോള്‍ ബി.ജെ.പി ജയിച്ചത് വെറും 23 മണ്ഡലങ്ങളില്‍ മാത്രം. പരാജയപ്പെട്ടത് 57 മണ്ഡലങ്ങളിലും.

ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ എട്ട് റാലികളിലായി 26 നിയമസഭാ മണ്ഡലങ്ങളില്‍ മോദി പ്രചാരണം നടത്തിയെങ്കിലും ജയിച്ചത് ഒരു സീറ്റില്‍ മാത്രം. ഇതില്‍ ഛത്തീസ്ഗഡാവട്ടെ ബി.ജെ.പി തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തില്‍ ഇരുന്ന സംസ്ഥാനമാണ്. ഇവിടെ 49 സീറ്റുണ്ടായിരുന്ന ബി.ജെ.പി 15 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. ഇതില്‍ മധ്യപ്രദേശ് ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും മോദി എന്ന ഒറ്റ പേരില്‍ മാത്രമാണ് ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചത്. മോദിക്ക് പകരം ശിവരാജ്‌സിങ് ചൗഹാനെ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ മധ്യപ്രദേശിലാണ് ബി.ജെ.പിക്ക് താരതമ്യേനെ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞതെന്ന നിരീക്ഷണവും രാഷ് ട്രീയവൃത്തങ്ങളില്‍ വന്നിരുന്നു.

modi with yogi

മോദിയെ അപേക്ഷിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രചാരണത്തിനെത്തിയ സ്ഥലങ്ങളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാനായി. 69 മണ്ഡലങ്ങളിലെ 58 റാലികളില്‍ യോഗി ആദിത്യനാഥ് പങ്കെടുത്തപ്പോള്‍ 27 സീറ്റുകളില്‍ ബി.ജെ.പി ജയിക്കുകയും 42 മണ്ഡലങ്ങളില്‍ ബി.ജെ.പി പരാജയപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയെക്കാള്‍ ഭേദപ്പെട്ട വിജയം ഉണ്ടായെന്ന് യോഗിക്ക് ആശ്വസിക്കാമെന്ന് മാത്രം. മോദിക്ക് 28.75% വിജയമുണ്ടായപ്പോള്‍ യോഗിക്ക്  39.13% വിജയം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിലയിരുത്തപ്പെട്ട ഈ തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ ബി.ജെ.പിക്ക് ഒട്ടും ആശ്വാസം നല്‍കുന്നതല്ല.

content highlights: BJP Lost More Than 70% seats Where Modi Campaigned During Recent 5 State Elections