മോർബിയിൽ തകർന്ന തൂക്കുപാലം | Photo: AP
അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി ചരിത്ര വിജയത്തിലേക്കടുക്കുമ്പോള്‍ മോര്‍ബിയിലും സ്ഥിതി വ്യത്യസ്തമല്ല. 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാല ദുരന്തവും അതിനെ ചൊല്ലിയുള്ള ആരോപണങ്ങളൊന്നും ബിജെപിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോര്‍ബിയില്‍ ബിജെപിയ്ക്ക് 55,766 വോട്ടുകളുടെ ലീഡുണ്ട്.
രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോര്‍ബി ഗുജറാത്തിലെ പ്രധാന പ്രചാരണവിഷയമായിരുന്നു.
മോര്‍ബിയില്‍ ബിജെപിയുടെ അമൃതിയ കാന്തിലാല്‍ ശിവ്ലാലാണ് മുന്നേറുന്നത്. മോര്‍ബി പാലം തകര്‍ന്നുവീണപ്പോള്‍ അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനായി അമൃതിയ കാന്തിലാല്‍ നദിയിലേക്ക് എടുത്തുചാടിയ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവും, മോര്‍ബിയിലെ ബിജെപിയുടെ സിറ്റിങ് എംഎല്‍എയുമായ ബ്രിജേഷ് മിശ്രയെ പിന്തള്ളിക്കൊണ്ടാണ് ഇത്തവണ ബിജെപി അമൃതിയയ്ക്ക് സീറ്റ് നല്‍കിയത്. കോണ്‍ഗ്രസിന്റെ ജയന്തി പട്ടേലിനെയും ആംആദ്മിയുടെ പങ്കജ് രന്‍സാരിയയെയും പിന്നിലാക്കിയാണ് ഇപ്പോഴത്തെ അമൃതിയയുടെ ലീഡ്.
പട്ടീദാര്‍ വിഭാഗങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ് മോര്‍ബി. തൂക്കുപാലം തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി മോര്‍ബിയിലെ ഭരണകക്ഷിയായിരുന്ന ബിജെപി വിവാദമുനയിലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് ബ്രിട്ടീഷ് കാലത്തു പണികഴിച്ച ചരിത്രപ്രസിദ്ധമായ പാലം തകര്‍ന്നുവീണ് 135 പേര്‍ മരണപ്പെട്ടത്.
മോര്‍ബി തൂക്കുപാലം ഏഴുമാസം നീണ്ടുനിന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകഴിഞ്ഞ് വെറും ഒരാഴ്ചയ്ക്ക് ശേഷമാണ് തകര്‍ന്നുവീണത് എന്നത് നവീകരണകമ്പനിയുടേയും സര്‍ക്കാരിന്റെയും ഭാഗത്തുള്ള വീഴ്ചയെ ചൂണ്ടിക്കാട്ടിയിരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ട പല നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഒറേവ കമ്പനിപാലത്തിന്റെ പുനര്‍നിര്‍മാണം നടത്തിയതെന്നാണ് ആരോപണം. ഈ വിഷയത്തില്‍ നഗരസഭയും സര്‍ക്കാരും കമ്പനിയെ കൈയയച്ച് സഹായിച്ചു എന്ന ഹൈക്കോടതിയുടെ വിമര്‍ശനങ്ങളും നിലനില്‍ക്കുന്നു. ഇപ്പോഴും കമ്പനി ഉടമകളെ അറസ്റ്റു ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Content Highlights: bjp leads in gujarat's morbi where bridge collapse took the lives of 135 people
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..